മലപ്പുറം: ജില്ലയിലെ പൊതുശൗചാലയങ്ങളുടെ ഗുണനിലവാരം ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ചെയ്യുന്നു. ജില്ലയിലെ പോളിടെക്‌നിക്കുകളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ വഴിയാണ് ശുചിത്വ മിഷന്‍ പരിശോധിക്കുക. ടേക്ക് എ ബ്രേക്ക് പരിപാടിയുടെയും ഒ.ഡി.എഫ്. പ്ലസ് നേട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ പൊതുചാലയങ്ങളുടെ നിലവിലെ  ഗുണനിലവാരം പരിശോധിക്കുവാന്‍ സംസ്ഥാന ശുചിത്വ മിഷന്‍ നിര്‍ദേശിക്കുകയും സര്‍വേ സൂചിക നല്‍കുകയും ചെയ്തിട്ടുണ്ട്.
അതു പ്രകാരം ജില്ലയിലെ നഗരസഭകള്‍ സ്വയം തയ്യാറാക്കി നല്‍കിയ സര്‍വേ സൂചികയുടെ ഉത്തരങ്ങളുടെ നിജസ്ഥിതിയാണ് ജില്ലയിലെ പോളി ടെക്‌നികിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ വഴി ശുചിത്വ മിഷന്‍ പരിശോധിക്കുക. നഗരസഭ അധികൃതര്‍ മുഴുവന്‍ പൊതു ശൗചാലയങ്ങളുടെയും വിവരങ്ങള്‍ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണം.
ഓരോ ശൗചാലയ സമുച്ചയത്തിനും ഒരു ചോദ്യാവലി എന്ന കണക്കില്‍ വിവരങ്ങള്‍ പരിശോധിച്ച് ജി.പി.എസ്, തീയതി, സമയം സഹിതമുളള ഹൊറിസോണ്ടല്‍/ ലാന്റ്‌സ്‌കേപ് മോഡല്‍ ഫോട്ടോ (പരിസരം വ്യക്തമായി മനസിലാവും വിധം ടോയ്‌ലറ്റിന്റെ ലോങ്ങ് ഫ്രണ്ട് വ്യൂ, ബേക്ക് & സൈഡ് വ്യൂസ്, അകത്തെ കോസ്റ്ററ്റുകള്‍, യൂറിനല്‍, വാഷ്‌ബേസിന്‍, ക്യാഷ് കൗണ്ടര്‍, ചുമരുകള്‍ ഇനം തിരിച്ചുള്ള)  സഹിതമുള്ള റിപ്പോര്‍ട്ട് ശുചിത്വ മിഷന് ലഭ്യമാക്കുന്നതിന് കുട്ടികള്‍ക്ക് സഹായം നല്‍കണം.
ബോധ്യപ്പെടുന്ന ഗ്യാപ്പുകള്‍ തന്‍വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാനും ശുചിത്വ മിഷന്‍ സാമ്പത്തിക സഹായത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ 2022 മാര്‍ച്ച് 31 നകം ലോക നിലവാരമുള്ള അഞ്ച് ശൗചാലയ സമുച്ചയങ്ങള്‍ നഗരസഭകളില്‍ സജ്ജമാക്കണമെന്നും പുരോഗതി വിലയിരുത്താന്‍ മലപ്പുറം ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.നഗരസഭകള്‍ ഒ.ഡി.എഫ്. പ്ലസ് പദവി, ടേക്ക് എ ബ്രേക്ക് പദ്ധതി (എയര്‍പോര്‍ട്ട്/ ലോക നിലവാരമുള്ള പൊതു ശൗചാലയ നിലവാരം) പ്രവര്‍ത്തനങ്ങളുടെ നേട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ്. മലപ്പുറം, കോട്ടക്കല്‍, പരപ്പനങ്ങാടി നഗര സഭകള്‍ ഒ.ഡി.എഫ്. പ്ലസ് നേട്ടവും പെരിന്തല്‍മണ്ണ നഗരസഭ ഒരു പ്രീമിയം മോഡല്‍ ടേക്ക് എ ബ്രേക്ക് സെന്റര്‍ നേട്ടവും കൈവരിച്ചിട്ടുണ്ട്.