പഞ്ചായത്ത് വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമായ കേരള റൂറൽ എംപ്ലോയ്മെന്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 26 ന് നടത്തും. നാമനിർദ്ദേശ പത്രികകൾ ആഗസ്റ്റ് 11 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന 12 നും പിൻവലിക്കാനുള്ള തീയതി 13 നും ആയിരിക്കും. ഒരു ജില്ലയിൽ നിന്നും ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെ പ്രതിനിധികളായി രണ്ടു പേർ വീതമാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്.

ക്രൂസിലേക്ക് വരിസംഖ്യ കുടിശ്ശികയില്ലാത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.
ജനറൽകൗൺസിൽ തിരഞ്ഞെടുപ്പിന് അതത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരായിരിക്കും വരണാധികാരി. ഗ്രാമീണജനതയ്ക്ക് ജീവിതാഭിവൃദ്ധിക്ക് ഉതകുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് ക്രൂസ്. കൂടുതൽ വിവരങ്ങൾ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരിൽ നിന്നും ലഭ്യമാണെന്ന് ക്രൂസ് മാനേജിംഗ് ഡയറക്ടർ എച്ച്. ദിനേശൻ അറിയിച്ചു.