100 ദിന പരിപാടി – കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാം ഘട്ടം 14 ജില്ലകളിൽ പൂർത്തികരിച്ചു

വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കു വാനുള്ള ആഗ്രോ ബിസിനസ് ഇൻകുബേഷൻ ഫോർ സസ്റ്റൈയ്നബിൾ എൻട്രപ്രിനയർ ഷിപ്പ് (Agro Business Incubation for Sustainable Entrepreneurship -ARISE) പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലായി 1442 പേർക്ക് പരിശീലനം നൽകി.നിലവിലെ സംരഭകരോ പുതിയ സംരഭകരോ ആയ 500 പേർക്ക് സംരഭകത്വ സാദ്ധ്യതകളുടെ പരിശീലനം നൽകിയത്.

ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉത്‌ഘാടനം ചെയ്തു. കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയുടെയും മൂല്യ വർദ്ധിത ഉത്പാദന മേഖലയുടെയും പ്രാധാന്യം, മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവയെ കുറിച്ച് അദ്ദേഹം വിശദികരിച്ചു.

മുഖ്യ പ്രഭാഷണം നടത്തിയ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ സംരഭകത്വ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ, സംരഭകർക്കും വ്യവസായികൾക്കും നൽകുന്ന സഹായങ്ങൾ തുടങ്ങിയവ വിശദികരിച്ചു. ചടങ്ങിൽ കാസർഗോഡ് ജില്ല പഞ്ചായത്ത് അദ്ധ്യക്ഷ ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രന്യുർഷിപ് ഡവലപ്മെന്റ് (KIED) സി.ഇ.ഒ. & എക്സിക്യു്ട്ടിവ് ഡയറക്ടർ ശരത് വി. രാജ് സ്വാഗതവും കാസർഗോഡ് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന ടെക്നിക്കൽ സെഷനുകളിൽ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രോഫസർ ഡോ. അഭിലാഷ് ശശിധരൻ മത്സ്യവുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചും CSIR NIIST തിരുവനന്തപുരത്തെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. നിഷ പഴം പച്ചക്കറിയുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചും കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രന്യുർഷിപ് ഡവലപ്മെന്റ് (KIED) സി.ഇ.ഒ. & എക്സിക്യു്ട്ടിവ് ഡയറക്ടർ ശരത് വി. രാജ് പദ്ധതിയെ കുറിച്ചും വിവിധ മേഖലയിലെ സംരഭക സാദ്ധ്യതകളെക്കുറിച്ചും അവതരിപ്പിച്ചു.

കൂടാതെ ജില്ലയിലെ സംരഭകനും കാർത്തിക ഫുഡ് ആൻ്റ് ട്രേഡ്സിന്റെയും, അമ്മർ ഫുഡ് പ്രൊഡക്ടിസിൻ്റെയും ഉടമയായ രഘു ബി. നാരായണൻ അദ്ദേഹത്തിൻ്റെ സംരഭകത്വ അനുഭവങ്ങളും മറ്റും പങ്കുവെച്ചു. തുടർന്ന് നടന്ന സംശയ നിവാരണ സെഷനിൽ ജില്ല വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരും മറ്റ് സെഷൻസ് കൈകാര്യം ചെയ്ത വിദഗ്ദ്ധരും പങ്കെടുത്തു. പരിശീലന പരിപാടിയിൽ 232 പേർ ഓൺലൈനായി പങ്കെടുത്തു.