ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 87.94 ശതമാനം വിജയം. 3,73,788 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 85.13 ആയിരുന്നു വിജയശതമാനം. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ, 91.11 ശതമാനം. പത്തനംതിട്ടയിലാണ് വിജയശതമാനം കുറവ്, 82.53 ശതമാനം. 136 സ്‌കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 11 സർക്കാർ സ്‌കൂളുകളും 36 എയ്ഡഡ് സ്‌കൂളുകളും 79 അൺ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്.
മലപ്പുറത്താണ് കൂടുതൽ പേർ പരീക്ഷ എഴുതിയത്, 57629 പേർ. കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ്,

9465. 48,383 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്‌ളസ് ലഭിച്ചു. മലപ്പുറത്താണ് കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയത്, 6707 പേർ. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയത്, 841 വിദ്യാർത്ഥികൾ. മലപ്പുറം കോട്ടയ്ക്കൽ രാജാസ് ജി. എച്ച്. എസ്. എസ് ആണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷയ്ക്കിരുത്തിയ സർക്കാർ സ്‌കൂൾ. 705 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 31നകം അപേക്ഷിക്കണം. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് 11ന് ആരംഭിക്കും. ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ ആഗസ്റ്റ് 5, 6 തീയതികളിൽ നടക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡുലാർ സ്‌കീം റഗുലർ വിഭാഗത്തിൽ 80.36 ശതമാനമാണ് വിജയം. 20346 പേരിൽ 16351 പേർ വിജയിച്ചു. എൻ. എസ്. ക്യൂ. എഫ് സ്‌കീമിൽ റഗുലർ വിഭാഗത്തിൽ 77.09 ആണ് വിജയശതമാനം. 5992 പേർ പരീക്ഷ എഴുതിയതിൽ 4619 പേർ വിജയിച്ചു.

മോഡുലാർ സ്‌കീം പ്രൈവറ്റ് വിഭാഗത്തിൽ 40.17 ശതമാനമാണ് വിജയം. 1628 പേർ പരീക്ഷ എഴുതിയതിൽ 654 പേർ വിജയിച്ചു. ഗ്രേഡിംഗ് സ്‌കീമിൽ പ്രൈവറ്റ് വിഭാഗത്തിൽ 56.45 ശതമാനം വിജയം. പരീക്ഷ എഴുതിയ 62 പേരിൽ 35 പേർ വിജയിച്ചു.
മോഡുലാർ സ്‌കീമിൽ വയനാടാണ് ഉയർന്ന വിജയശതമാനം നേടിയത്, 87.50 ശതമാനം. കുറവ് വിജയ ശതമാനം പത്തനംതിട്ടയിലാണ്, 67.99 ശതമാനം. എൻ. എസ്. ക്യൂ. എഫ് സ്‌കീമിൽ ഉയർന്ന വിജയശതമാനം കൊല്ലം ജില്ലയ്ക്കാണ്, 87.74 ശതമാനം. കുറവ് കാസർകോട്, 56.07 ശതമാനം. പത്ത് സർക്കാർ വിദ്യാലയങ്ങളും അഞ്ച് എയ്ഡഡ് വിദ്യാലയങ്ങളും നൂറു ശതമാനം വിജയം കൈവരിച്ചു. സംസ്ഥാനത്തെ നാലു സ്‌പെഷ്യൽ സ്‌കൂളുകളിലും നൂറു ശതമാനമാണ് വിജയം. 239 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് നേടി. സേ പ്രായോഗിക പരീക്ഷ ആഗസ്റ്റ് ആറിന് ആരംഭിച്ച് 18ന് അവസാനിക്കും.