മലപ്പുറം:  കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം  1253 കോടി വര്‍ധിച്ച് 44275 കോടിയായതായി മാര്‍ച്ച് പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 13302 കോടി പ്രവാസി നിക്ഷേപമാണ്. 2020 ഡിസംബര്‍ പാദത്തില്‍ നിന്ന് 12424 കോടിയുടെ കുറവാണ് പ്രവാസി നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. 13426 കോടിയായിരുന്നു പ്രവാസി നിക്ഷേപം. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 64 ശതമാനമാണ്. കേരള ഗ്രാമീണ ബാങ്കില്‍ 70 ശതമാനവും  കാനറ ബാങ്കില്‍  66 ശതമാനവും എസ്ബിഐയില്‍ 32 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 28 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 47 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം. വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ 83 ശതമാനം ജില്ലയിലെ ബാങ്കുകള്‍ക്ക് നേടാനായി. ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണനാ വിഭാഗത്തില്‍ 9391 കോടിയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റ് വിഭാഗങ്ങളില്‍ 3877 കോടിയും നല്‍കിയിട്ടുണ്ട്.ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടികലക്ടര്‍ ഡോ.എം.സി റെജില്‍, ആര്‍.ബി.ഐ മാനേജര്‍ എ.കെ കാര്‍ത്തിക്, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, കാനറാ ബാങ്ക് എ.ജി.എം ഷീബ സഹജന്‍, ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.