പരപ്പനങ്ങാടിയില്‍ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്താന്‍ തീരുമാനം. 10 ലധികം കോവിഡ് പോസിറ്റീവ് കേസുകളുള്ള പ്രദേശങ്ങളില്‍ മൂന്ന് വാര്‍ഡുകള്‍ക്ക് വീതം പ്രത്യേകം പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനമായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ പഠനത്തിന് പോകുന്നവര്‍ക്കും വാക്‌സീന്‍ ലഭ്യമായാല്‍ ഉടന്‍ നല്‍കാനും കോവിഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ ലഭ്യമായ ഉടന്‍ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ച് കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കും. വ്യാഴാഴ്ച്ച (ജൂലൈ 29 ) പരപ്പനങ്ങാടി നഗരസഭ പരിധിയിലേക്ക് കോവിഡ് വാക്‌സീന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്  ലഭ്യമായ ഉടന്‍     വാക്‌സീന്‍ വിതരണം തുടങ്ങും. 10 ലധികം കോവിഡ് പോസിററീവ് കേസുകളുള്ള ഗ്രാമീണ മേഖലകളില്‍ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തുക. ഇതിനാവശ്യമായ നടപടികള്‍ നഗരസഭ തുടങ്ങിയിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ടി കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോണിറ്ററിങ് കമ്മിറ്റി യോഗം. നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.