ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും, ആരോഗ്യകേരളവും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ലാബ് ടെക്നീഷ്യന്മാര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാറിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന നിര്‍വഹിച്ചു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്നും പൊതുസമൂഹത്തിന്റെയും, ആരോഗ്യപ്രവര്‍ത്തകരുടെയും  കൃത്യമായ കരുതലും ശ്രദ്ധയും വളരെ അത്യാവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന പറഞ്ഞു. 2030 ഓടെ ഈ രോഗം ലോകത്തുനിന്ന് തന്നെ നിവാരണം ചെയ്യുക എന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങള്‍ പടിപടിയായി കുറയ്ക്കുകയും പുതിയ രോഗികള്‍ ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യം നേടാനാവും.  ഇതിനായി എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് എതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കുക, രോഗബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണം. ‘ഹെപ്പറ്റെറ്റിസ് – കാത്തിരിക്കാനാവില്ല’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഈ രോഗത്തെ നമ്മുടെ രാജ്യത്തുനിന്നും നിവാരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി വൈകാന്‍ പാടില്ല എന്നാണ് ഈ ദിന സന്ദേശം ഓര്‍മിപ്പിക്കുന്നത്. ബ്ലഡ് ട്രാന്‍സ്ഫ്യുഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.കെ.കെ പ്രവീണ ക്ലാസെടുത്തു.

ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി.  എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.അബ്ദുസലാം, ജില്ലാ ലാബറട്ടറി ഓഫീസര്‍ വി.രേഖ തുടങ്ങിയവര്‍ സംസാരിച്ചു.