ഇടുക്കി: അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍/ഹോര്‍ഡിങ്ങുകള്‍/ ബാനറുകള്‍/ ഫ്ളക്സ് ബോര്‍ഡുകള്‍/ താല്‍ക്കാലിക കമാനങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്തു പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അനധികൃത കമാനങ്ങള്‍ പരസ്യ ബോര്‍ഡുകള്‍ മുതലായവക്ക് പരമാവധി 5000/- രൂപ പിഴ ഈടാക്കുന്നതാണ്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം തൊടുപുഴ നഗരസഭാ പരിധിയില്‍ ഇവ സ്ഥാപിച്ചവര്‍തന്നെ ജുലായ് 31 നകം നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 275 പ്രകാരം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും, ആയതിന് വരുന്ന ചെലവും, പിഴയും ബന്ധപ്പെട്ടവരില്‍ നിന്നും നിയമാനുസരണം ഈടാക്കുന്നതുമാണ്. പരസ്യ ബോര്‍ഡുകള്‍/ഹോര്‍ഡിങ്ങുകള്‍/ ബാനറുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് നിര്‍ദ്ദിഷ്ട ഫീസ് അടച്ച് നഗരസഭയില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. നിര്‍ദ്ദിഷ്ട കമാനങ്ങള്‍ക്കോ, പരസ്യ ബോര്‍ഡുകള്‍ക്കോ പി.വി.സി. ഫ്ളക്സ് ഉപയോഗിക്കുവാനോ പ്രിന്റ് ചെയ്യാനോ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി ഉപയോഗിക്കുവാനോ പാടില്ലാത്തതാണ്. പകരമായി സര്‍ക്കാര്‍ അംഗീകൃതവും, പരിസ്ഥിതി സൗഹൃദവും, പുനചംക്രമണം ചെയ്യാവുന്നതുമായ വസ്തുക്കളോ, കോട്ടന്‍ തുണികളോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ മുതലായവ പൊതുനിരത്തില്‍ സ്ഥാപിച്ചതുമൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതിന്റെ പൂര്‍ണ്ണ ബാധ്യതയും ഇവ സ്ഥാപിച്ചവര്‍ക്കായിരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
