കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11.20 കോടി രൂപയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.കൂരികുളം ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ ഹാച്ചറി കെട്ടിടം,നഴ്സറി കുളങ്ങൾ,ബ്രൂഡ് മത്സ്യക്കുളം എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്,സർക്കാർ ഫിഷ് സീഡ് ഫാമുകൾ / ഹാച്ചറികൾ എന്നിവിടങ്ങളിൽ നിന്നും മത്സ്യ സ്പോൺ എടുത്ത് വളർത്തി ഫിംഗർ ലിങ്ക്സ് (നാല് സെൻറീമീറ്റർ) വലുപ്പത്തിൽ ആക്കി കർഷകർക്ക് വിതരണം ചെയ്തു വരുന്നു. ഇത് വരെ ആകെ 43.21 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്.കൂടാതെ നടപ്പ് സാമ്പത്തിക വർഷം 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം നടന്നു വരുന്നു.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ആർ ഐ ഡി എഫ് ട്രാഞ്ചേ എക്സ് എക്സ് വി – ൽ ഉൾപ്പെടുത്തി 11.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഓവർ ഹെഡ് വാട്ടർടാങ്ക്, 2 ബ്രൂഡ് സ്റ്റോക്ക് കുളങ്ങൾ,27 റിയറിങ്ങ് കുളങ്ങൾ,ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്,ചുറ്റുമതിൽ,അപ്രോച്ച് റോഡ്,സി സി ടി വി,ഹൈമാസ്റ്റ് ലൈറ്റ്,ഇലക്ട്രിഫിക്കേഷൻ എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക അനുമതിക്കായുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കലും മണ്ണ് പരിശോധനയും പൂർത്തീകരിച്ചിട്ടുണ്ട്.ഹാച്ചറിയുടെ ഡിസൈനിങ്ങ് വർക്ക് നടന്നു വരുന്നു.

രണ്ടാംഘട്ട പ്രോജക്റ്റിന് സാങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മത്സ്യ ഉൽപാദനവും,വിപണനവും നടന്നു വരുന്നു.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾക്കുശേഷം 12 മാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും,രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി പൂർണ്ണതോതിൽ മത്സ്യോല്പാദനത്തിന് സജ്ജമാകുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു