ആലപ്പുഴ : ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും വാക്സിനേഷൻ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനുമായി പുതുക്കിയ മാനണ്ഡങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടി തിരക്ക് വർദ്ധിക്കുന്നതും ഇതുമൂലം ഉണ്ടാകുന്ന തർക്കങ്ങളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പുറത്തിറക്കി.

ഉത്തരവിലെ നിർദ്ദേശങ്ങൾ ചുവടെ:

രണ്ടാം ഡോസ് വാക്സിൻ ഡ്യൂ ആകുന്നവരുടെ പട്ടിക അതാത് മെഡിക്കൽ ഓഫീസർമാർ കോവിൻ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതും ഇതിന്റെ മുൻഗണനാക്രമം അനുസരിച്ചുള്ളവർക്ക് രണ്ടാം ഡോസ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്. ഇതിനായി ഓരോ ദിവസവും വാക്സിൻ നൽകുന്നതിൻറ തലേദിവസം വാക്സിൻ നൽകേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കേണ്ടതും ഈ ലിസ്റ്റ് മുൻഗണനാ പട്ടികയിലുള്ളവർക്ക് ആശാ പ്രവർത്തകർ വഴി, ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയ ടോക്കൺ ആയി നൽകേണ്ടതുമാണ്. ഈ ടോക്കണുമായി ഹാജരാകുന്നവർക്ക് മാത്രമേ വാക്സിൻ നൽകൂ. ടോക്കൺ ലഭിച്ചവർ ഹാജരാകാത്ത പക്ഷം പട്ടികയില്‍ നിന്നും അടുത്ത മുൻഗണന അനുസരിച്ചുള്ളയാൾക്ക് വാക്സിൻ നൽകേണ്ടതാണ്. ഡൗൺലോഡ് ചെയ്യുന്ന വാക്സിനേഷൻ മുൻഗണന പട്ടിക മുനിസിപ്പാലിറ്റി /പഞ്ചായത്ത്‌/ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഡൌൺലോഡ് ചെയ്ത് എടുക്കുന്ന പട്ടികയിൽ ഒന്നിലധികം പേർക്ക് ഒരേ ദിവസം ഡ്യൂ ഡേറ്റ് വരികയാണെങ്കിൽ വയസ്സിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് മുൻഗണന നൽകണം.

ഒന്നാം ഡോസ് വാക്സിനേഷന് മുൻഗണനാ ക്രമം തയ്യാറാക്കുന്നതിനും പരിശോധിക്കുന്നതിനും സുതാര്യമായി വിതരണം ചെയ്യുന്നതിനും പഞ്ചായത്ത്/ നഗരസഭാ തലത്തിൽ നഗരസഭാ ചെയർപേഴ്സൺ/ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഐ. സി. ഡി. എസ് സൂപ്പർവൈസർ എന്നിവരടങ്ങുന്ന ജാഗ്രതാ സമിതിക്കായിരിക്കും ചുമതല. ജാഗ്രതാ സമിതി എല്ലാ ആഴ്ച്ചയിലും യോഗം കൂടണം. കൂടാതെ അതാത് ആർ. ആർ. ടി കളിൽ നിന്നും ലഭിക്കുന്ന പട്ടിക പരിശോധിച്ച് ഒരാഴ്ച്ചത്തേയ്ക്കുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി മുൻകൂറായി പ്രസിദ്ധീകരിക്കേണ്ടതും ഈ പട്ടിക മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്.

മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുമ്പോൾ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ 80 വയസ്സിന് മുകളിൽ ഉള്ളവരുടെ പട്ടിക ആദ്യം തയ്യാറാക്കണം. ഈ പട്ടികയിലെ എല്ലാവർക്കും വാക്സിനേഷൻ ഉറപ്പു വരുത്തിയ ശേഷം 60 വയസ്സിന് മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കി വാക്സിനേഷൻ ഉറപ്പു വരുത്തണം. പട്ടിക തയ്യാറാക്കുമ്പോൾ 60 വയസ്സിനു മുകളിലുളള എല്ലാവർക്കും വാക്സിൻ ലഭ്യമായി എന്ന് ജാഗ്രതാസമിതി ഉറപ്പുവരുത്തണം. 60 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതിന് ശേഷം പ്രായത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ചുകൊണ്ട് മറ്റുള്ളവർക്ക് വാക്സിൻ നൽകാം.

വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മുൻഗണനാ പട്ടികയിലുള്ള എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള നടപടി ജാഗ്രതാസമിതി സ്വീകരിക്കണം. ഫസ്റ്റ് ഡോസിനായി തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിലെ മുൻഗണനാക്രമം അനുസരിച്ച് വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ വാക്സിൻ ലഭിക്കേണ്ടവരുടെ എണ്ണം മെഡിക്കൽ ഓഫീസർമാർ തിട്ടപ്പെടുത്തുകയും ആശാവർക്കർമാർ വഴി സമയം, തീയതി എന്നിവ ഉൾപ്പെടുത്തിയ ടോക്കൺ ഒരുദിവസമെങ്കിലും മുൻകൂട്ടി നൽകണം. അതുമായി വരുന്നവര്‍ക്ക് മാത്രം ആദ്യ ഡോസ് വാക്സിന്‍ നല്‍കാം.

കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ വഴി നൽകുന്ന വാക്സിനുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് നിവാസികൾക്ക് മാത്രമായി വിതരണം ചെയ്യേണ്ടതാണ്. സി. എച്. സി കൾ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളിൽ ജാഗ്രതാസമിതി മുകളില്‍ പറഞ്ഞ മാനദണ്ഡപ്രകാരം ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടി സാന്നിധ്യത്തിൽ യോഗം കൂടണം.

നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള വാക്സിനേഷൻ നൽകുന്നതിനോടൊപ്പം എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, മെഡിക്കൽ കോളേജ് ആശുപത്രി, നൂറനാട് ലെപ്രസി സാനിറ്റോറിയം എന്നീ സ്ഥാപനങ്ങൾ വിദേശത്തും അന്യ സംസ്ഥാനങ്ങളിലും ജോലിയ്ക്ക് പോകേണ്ടവർക്കും, വിദ്യാർത്ഥികൾക്കും രേഖകൾ പരിശോധിച്ച ശേഷം വാക്സിൻ നൽകുന്നതിനുള്ള നടപടി ഈ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ/സൂപ്രണ്ടുമാർ സ്വീകരിക്കണം .

നിർദ്ദേശിച്ചിരിക്കുന്ന വാക്സിനേഷൻ രീതി കൂടാതെ ഓൺ ലൈൻ മുഖേന ബുക്ക് ചെയ്ത് വരുന്നവർക്ക് ( മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ ഉൾപ്പടെ ) അതാത് മെഡിക്കൽ ഓഫീസർമാർ തടസ്സം കൂടാതെ വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം.

മറ്റ് പൊതുവായ നിർശങ്ങൾ

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ വാക്സിനേഷൻ റൂമിനുള്ളിൽ വാക്സിൻ എടുക്കുന്നവർക്ക് ഒഴികെ മറ്റാർക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ല.
വാക്സിനേഷന്റെ സുഗമമായ നടത്തിപ്പിന് ബന്ധപ്പെട്ട അദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തണം.
വാക്സിനേഷൻ സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.

വാക്സിനേഷൻ മുൻഗണന പട്ടിക സംബന്ധിച്ച് പൊതുജനങ്ങൾക്കോ ജനപ്രതിനിധികൾക്കോ മറ്റാർക്കെങ്കിലുമോ ആക്ഷേപമുണ്ടെങ്കിൽ ജാഗ്രതാസമിതിയുമായി ബന്ധപ്പെട്ട് ഇതിന് പരിഹാരം തേടേണ്ടതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.