എറണാകുളം: ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ മാസ്കുകളില്‍ കൂടുതല്‍ സുരക്ഷിതമെന്ന് കരുതപ്പെടുന്ന എൻ 95 മാസ്കുകളുടെ ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ദര്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒരേ മാസ്ക് ഉപയോഗിക്കുന്നത് രോഗപ്രതിരോധത്തേക്കാൾ രോഗ വ്യാപനം വര്‍ധിക്കാൻ ആയിരിക്കും കാരണമാവുന്നത്. പരമാവധി അഞ്ച് തവണ മാത്രമേ എൻ 95 മാസ്കുകള്‍ പുനഃരുപയോഗിക്കുവാന്‍ പാടുള്ളു എന്നാണ് അന്താരാഷ്ട്ര തലത്തില്‍ ലോകാരോഗ്യ സംഘടന പോലുള്ളവ നല്‍കുന്ന നിര്‍ദേശം. അതും തുടര്‍ച്ചയായി 5 തവണ ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് 72 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ എൻ 95മാസ്കുകള്‍ ഉപയോഗിക്കാൻ പാടുള്ളു. കോവിഡ് വൈറസുകള്‍ പരമാവധി 72 മണിക്കൂര്‍ വരെ പ്രതലങ്ങളില്‍ ജീവിക്കുമെന്നാണ് കണക്കു കൂട്ടൽ പ്രകാരമാണ് ഈ നിർദേശം നൽകിയിട്ടുള്ളത്. ഉപയോഗിച്ച മാസ്കുകള്‍ ഒരുമിച്ച് സൂക്ഷിക്കാൻ പാടില്ല വായുവില്‍ ഉണങ്ങുകയോ വായുസഞ്ചാരമുള്ള കവറുകളില്‍ പ്രത്യേകമായി സൂക്ഷിച്ച് ഉണങ്ങുകയോ ചെയ്യണം.
ഇത്തരത്തിൽ ഉപയോഗിക്കാൻ ഒരാളുടെ പക്കൽ കുറഞ്ഞത് 5 മാസ്കുകളും വായു സഞ്ചാരമുള്ള (ഒന്ന് മുതൽ അഞ്ചു വരെ ലേബൽ ചെയ്ത) 5 പേപ്പർ ബാഗുകളും വേണം. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്ക് ഒന്ന് എന്ന് എഴുതിയ പേപ്പർ ബാഗിൽ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്ക് രണ്ട് എന്ന് ലേബൽ ചെയ്ത ബാഗിലും , ഇത്തരത്തിൽ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പർ ബാഗിലെ മാസ്ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരോ മാസ്കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നത് വരെ ഇത് തുടരാം. മാസ്കില്‍ ശരീര ദ്രവങ്ങളോ മറ്റോ പറ്റിയാല്‍ വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല.
അവരവരുടെ മുഖത്തിന് പാകമല്ലാത്ത എൻ.95 മാസ്കുകളും ഉപയോഗിക്കരുത്.
താടി രോമം ഉള്ളവരിൽ ഇത് നൽകുന്ന സംരക്ഷണം അപൂർണമാണ്. എൻ.95 മാസ്ക് മുഖത്തോട് ചേർന്ന് സീൽ ചെയ്ത രീതിയിൽ ആണ് ധരിക്കേണ്ടത്. എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു.
മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളിൽ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കി മാസ്കിന്റെ ഫിറ്റ്‌ പരിശോധിക്കാൻ സാധിക്കും.
എൻ 95 മാസ്ക് കഴുകാനും വെയിലത്ത് ഉണക്കാൻ പാടില്ല. കാരണം, സ്രവകണികകളെ അരിച്ചു മാറ്റുക മാത്രമല്ല മറിച്ചു ഇതിലെ പോളിപ്രോപിലിൻ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് ഫിൽറ്ററേഷനിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് നഷ്ടപ്പെടുത്തും.
വീണ്ടും ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ, ആ മാസ്ക് വീണ്ടും ഉപയോഗിക്കരുത്. ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല.
മാനദണ്ഡങ്ങൾ പാലിക്കുന്ന സർട്ടിഫൈഡ് മാസ്ക് മാത്രമേ ഉദ്ദേശിച്ച സുരക്ഷ നൽകുകയുള്ളു.

ശീലമാക്കാം ഡബിൾ മാസ്കിങ്
എൻ 95 മാസ്കുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർജിക്കൽ മാസ്കുകൾക്ക് പുറമെ സാധാരണ തുണി മാസ്കുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ സർജിക്കൽ മാസ്കുകൾ മറക്കാത്ത ഭാഗങ്ങൾ കൂടി തുണി മാസ്കുകൾ വഴി സുരക്ഷിതമാക്കുക എന്നതാണ് ഡബിൾ മാസ്കിന്റെ മേന്മ.രണ്ട് മാസ്കുകൾ ചേർത്ത് ഉപയോഗിക്കുമ്പോൾ മാസ്ക് കൂടുതൽ ‘ഫിറ്റ്‌ ‘ ആവുന്നതിനാൽ കൂടുതൽ സുരക്ഷ ലഭിക്കുന്നു. സാധാരണ നിലയിൽ മാസ്കുകളുടെ വശങ്ങളിലൂടെ വായു സഞ്ചാരം ഉണ്ടാകുന്നതും ഇത് വഴി തടയാൻ സാധിക്കും. സർജിക്കൽ മാസ്കുകൾക്ക് പുറത്തു തുണി മാസ്‌കുക ൾ ഉപയോഗിച്ച് ഡബിൾ മാസ്കിങ് നടത്തുന്നതാണ് ഏറ്റവും ഫലപ്രദം.
രണ്ട് സർജിക്കൽ മാസ്കുകൾ ഒരുമിച്ചു ഉപയോഗിക്കരുത്