കനകം വിളയും കശുമാവ് പദ്ധതി പ്രകാരം വള്ളിക്കുന്ന് പഞ്ചായത്തില്‍ മാതൃക കശുവണ്ടിത്തോട്ടമൊരുക്കുന്നു. നിറങ്കൈതക്കോട്ട ക്ഷേത്ര പരിസരത്ത് 3000ത്തോളം അത്യുല്‍പ്പാദന ശേഷിയുള്ള ബഡ് ചെയ്ത തൈകള്‍ വെച്ചുപിടിച്ചാണ് മാതൃകാ കശുവണ്ടിത്തോട്ടം ഒരുക്കുന്നത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന കശുമാവ് വികസന ഏജന്‍സിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കനകം വിളയും കശുമാവ് പദ്ധതി പ്രകാരം അണ്ടിപ്പരിപ്പ് ഉല്‍പ്പാദനം ലക്ഷ്യമിട്ട് പ്രദേശത്ത് തൈകള്‍ നട്ടു. കശുമാവിന്‍ തൈകളുടെ നടലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍വ്വഹിക്കും. അധികം പൊക്കം വയ്ക്കാത്തതും ചുരുങ്ങിയ സ്ഥലത്ത് വളര്‍ത്താവുന്നതുമായ കശുമാവില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പ്പാദനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സംഗമേഷ് വര്‍മ്മ, പഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ദേവസ്വം സ്റ്റാഫ് വി. ശശി എന്നിവര്‍ പങ്കെടുത്തു.
