ആലപ്പുഴ: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം 2021 ജൂലൈ 31 മുതല്‍ ആരംഭിക്കും. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ആകെ 6.04 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് ലഭിക്കും. തുണിസഞ്ചിയിലാണ് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് തയ്യാറാക്കുന്ന ജോലികൾ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്.

ജില്ലയിൽ സപ്ലൈകോയുടെ കീഴില്‍ 27 പാക്കിംഗ് കേന്ദ്രങ്ങളിലായാണ് കിറ്റ് നിറയ്ക്കൽ പ്രവർത്തികൾ പുരോഗമിക്കുന്നത്. ഇതിനായുള്ള ജീവനക്കാരെയും സപ്ലൈകോ നിയോഗിച്ചിട്ടുണ്ട്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ 500 എം.എല്‍, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ്, തേയില, മുളക്/മുളകുപൊടി, മഞ്ഞള്‍, സേമിയ/പാലട/ഉണക്കലരി , കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്‍ക്കരവരട്ടി/ഉപ്പേരി, ആട്ട, പൊടിയുപ്പ്, ശബരി ബാത്ത് സോപ്പ് , തുണിസഞ്ചി എന്നിവയാണ് കിറ്റിന്റെ ഭാഗമായുള്ളത്.

ആദ്യഘട്ട വിതരണത്തിനുള്ള കിറ്റുകൾ വെള്ളിയാഴ്ച വൈകിട്ട് തന്നെ റേഷന്‍ കടകളില്‍ എത്തിക്കും. ജില്ലയില്‍ ആകെ 6,04962 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. ഇതില്‍ എ.എ.വൈ വിഭാഗത്തിലുള്ള 40,271 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്യുക. തുടര്‍ന്ന് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 2,53,972 കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തും. പിന്നീട് നോണ്‍ പ്രയോരിറ്റി സബ്സിഡി വിഭാഗത്തില്‍പ്പെട്ട 1,42219 പേര്‍ക്കും ശേഷമുള്ള നോണ്‍ പ്രയോരിറ്റി നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട 1,67,590 കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും.