കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം മേളയ്ക്ക് തുടക്കമായി. ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റിലും കോവിഡ് ആശ്വാസ ഓണക്കിറ്റ് 40 ശതമാനം വിലക്കുറവിലും ലഭിക്കും. പയ്യന്നൂര്‍ പട്ട്, പ്രിന്റഡ് സില്‍ക്ക്, കാന്താ സില്‍ക്ക്, കോട്ടണ്‍, ജൂട്ട് തുടങ്ങി വിവിധ ഇനം സാരികളും ഖാദി മാസ്‌കും മറ്റു വസ്ത്രങ്ങളും കൊല്ലം കര്‍ബല, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ വിപണന ശാലകളിലും സഞ്ചരിക്കുന്ന വില്പനശാലയിലും ലഭിക്കും. മരചക്കിലാട്ടിയ നല്ലെണ്ണ, തേന്‍, സോപ്പ് തുടങ്ങിയ ഖാദി ഉല്‍പ്പന്നങ്ങളും മേളയില്‍ ഉണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓഗസ്റ്റ് 20 വരെയാണ് മേള.

ജില്ലാ ഓഫീസില്‍ നടത്തിയ ചടങ്ങില്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ.സവാദ്, ഖാദി ബോര്‍ഡ് സെക്രട്ടറി കെ.രതീഷ്, പ്രൊജക്ട് ഓഫീസര്‍ ആര്‍. മണിയമ്മ തുടങ്ങിവര്‍ പങ്കെടുത്തു.