എറണാകുളം: കോവിഡ് മഹാമാരി മൂലം പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായ പദ്ധതികൾ തയാറാക്കി ജില്ലാ ഭരണകൂടം. കുട്ടികൾക്കായി മൂന്ന് പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിൻ്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഒരു മാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തീകരിച്ച് പ്രാബല്യത്തിൽ വരുത്തുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 18 വയസ് പൂർത്തിയാകാത്ത കുട്ടികൾക്കായാണ് ആദ്യ പദ്ധതി. ഇവരുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കുന്നത്. ഇത്തരത്തിൽ എട്ട് കുട്ടികളാണ് ജില്ലയിലുള്ളത്. രണ്ട് കുട്ടികൾ ഒരു കുടുംബത്തിലെ തന്നെയാണ്. നിലവിൽ സംസ്ഥാന സർക്കാർ ഇവർക്കായി നടപ്പിലാക്കുന്ന പദ്ധതി വേഗത്തിൽ നടപ്പിലാക്കാനും കളക്ടർ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി.

കോവിഡ് ബാധിച്ച് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്കാണ് രണ്ടാമത്തെ പദ്ധതി തയാറാക്കുന്നത്. ഇത്തരത്തിൽ 200 നടുത്ത് വിദ്യാർത്ഥികളാണ് ജില്ലയിലുള്ളത്. ഇവരുടെയും ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും.സ്പോൺസർ ഷിപ്പ് വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

കോവിഡ് മൂലം വീടുകളിൽ തുടരുന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യം പരിപോഷപ്പെടുത്തുന്നതിനാണ് മൂന്നാമത്തെ പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൗൺസിലിംഗ്, യോഗ, മാനസിക ഉല്ലാസം നൽകുന്ന നൃത്ത ക്ലാസുകൾ എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിൽ ഇത്തരത്തിൽ പരിപാടികൾ നടപ്പിലാക്കുന്ന സംഘടനകളെയും ഉൾപ്പെടുത്തിയായിരിക്കും പുതിയ പദ്ധതിക്ക് രൂപം നൽകുക. ശാരീരിക വ്യായാമം കുറഞ്ഞ കുട്ടികളിൽ അത് കൂട്ടുന്ന പരിപാടികളും നടപ്പിൽ വരുത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തും. കുട്ടികൾക്ക് ആവശ്യമായ സേവനം നൽകി മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് , കുടുംബശ്രീ, ശിശു സംരക്ഷണ വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ,മാനസികാരോഗ്യ സംരക്ഷണ വിഭാഗം എന്നിവർ സഹകരിച്ചായിരിക്കും പദ്ധതികൾ നടപ്പാക്കുക.

പദ്ധതികളുടെ ആലോചനായോഗം കളക്ടറുടെ നേതൃത്വത്തിൽ ചേംബറിൽ ചേർന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജെ അലക്സാണ്ടർ, കുടുംബശ്രീ കോർഡിനേറ്റർ എസ്.രഞ്ജിനി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി കെ.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.