എറണാകുളം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/ എയ്ഡഡ്, സ്പെഷ്യൽ/ ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭാ ലിസ്റ്റ് നിലവിൽ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്കൂൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും 800 സ്ക്വയർ ഫീറ്റ് വരെ വിസ്തീർണമുള്ള വീട് ഉള്ളവരും മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകർ.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നും ഉള്ള സാക്ഷ്യപത്രം, കൈവശാവകാശം/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്. മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് ആറിനകം ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.