എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ പരമ്പരാഗത കാർഷിക വിളകളുടെ മാതൃകാ തോട്ടം ആരംഭിച്ചു. വനിതാ കർഷകയായ രമണിയുടെ വീട്ടുവളപ്പിലെ കൃഷിയിടത്തിൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി തോട്ടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് മാതൃകാ തോട്ടം ഒരുങ്ങുന്നത്.

ചീര, പരമ്പരാഗത കിഴങ്ങുവർഗ്ഗ വിളകളായ ചേമ്പ്, മധുര ചേമ്പ്, താമരക്കണ്ണൻ ചേമ്പ്, തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പരമ്പരാഗത ചീരയിനമായ വ്ളാത്താങ്കര ചീര എന്നിവയുടെ കൃഷിയാണ് ആരംഭിച്ചത്.

വൃക്ഷായുർവേദ വിധിപ്രകാരമുള്ള ഹരിത കഷായം, ജീവാമൃതം, ഗുണപജലം, ഫിഷ് അമിനോ ആസിഡ് എന്നിവ കൃഷിയിടത്തിൽ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. വീട്ടിലെ മട്ടുപ്പാവിൽ 300 ഗ്രോബാഗുകളിൽ വിവിധയിനം പച്ചക്കറി വിളകളും കൃഷി ചെയ്യുന്നുണ്ട്. മുയൽ, കോഴി, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെയും വളർത്തു പക്ഷികളെയും ഇവിടെ കാണാം. നാടൻ പച്ചക്കറി വിളകളായ മര വെണ്ട, ആനക്കൊമ്പൻ വെണ്ട, നാടൻ പച്ചമുളക്, നാടൻ പടവലം, പാവൽ, നെയ് കുമ്പളം, ചുവന്ന വെണ്ട, നാടൻ മത്തൻ തുടങ്ങി വിവിധയിനം നാടൻ പച്ചക്കറികളും മട്ടുപ്പാവിൽ കൃഷി ചെയ്യുന്നുണ്ട്. വീട്ടുവളപ്പിലെ 16 സെൻ്റ് സ്ഥലത്താണ് പ്രകൃതി കൃഷി ചെയ്യുന്നത്.

പഞ്ചായത്ത് കൃഷിഭവനിൽ നിന്നുള്ള സഹായ സഹകരണങ്ങളോടെയാണ് രമണി തൻ്റെ വീട്ടുവളപ്പിൽ മികച്ച രീതിയിൽ കൃഷി ചെയ്യുന്നത്. ഇത്തരത്തിൽ മാതൃകാ തോട്ടങ്ങൾ ഒരുക്കുക വഴി കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും കൃഷിഭവനിൽ നിന്ന് ലഭിക്കും. കൃഷിക്ക് വേണ്ട വളങ്ങളും വളക്കൂട്ടുകളും കൃഷിഭവൻ സൗജന്യമായാണ് നൽകുന്നത്.

കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റെയ്ഹാന പ്രകൃതി കൃഷി പദ്ധതി വിശദീകരണം നടത്തി. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കമല സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് അംഗം സുമയ്യ ടീച്ചർ, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കുടുംബശ്രീ പ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കോട്ടുവള്ളി പഞ്ചായത്തിൽ ആരംഭിച്ച പരമ്പരാഗത കാർഷിക വിളകളുടെ മാതൃകാ തോട്ടം