മലപ്പുറം: ‍എടപ്പാള് ഗ്രാമ പഞ്ചായത്തും എടപ്പാള്‍ ഗവ.ആയുര്‍വേദ ഡിസ്പന്‍സറിയും സംയുക്തമായി ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ബലമേറും ബാല്യം’ പദ്ധതിയുടെ മുന്നോടിയായി നടത്തുന്ന സര്‍വ്വേ പുരോഗമിക്കുന്നു. കുട്ടികളുടെ സമഗ്ര ആരോഗ്യ സുസ്ഥിരത ലക്ഷ്യം വച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ബലമേറും ബാല്യം. രോഗ പ്രതിരോധ ശേഷി നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ആയുര്‍വേദ മരുന്നുകള്‍ കുട്ടികള്‍ക്ക് നിശ്ചിത കാലയളവില്‍ നല്‍കുന്ന പദ്ധതി പഞ്ചായത്ത് പരിധിയിലെ രണ്ടു മുതല്‍ അഞ്ച് വയസു വരെയുള്ള കുട്ടികള്‍ക്കായാണ് നടപ്പാക്കുന്നത്.

നിരന്തരം രോഗലക്ഷണങ്ങള്‍  പ്രകടിപ്പിക്കുന്ന കുട്ടികളെയും രോഗ ബാധിതരാവുന്ന കുട്ടികളെയും കണ്ടെത്തി മരുന്നിലൂടെയും ഭക്ഷണ ക്രമീകരണങ്ങളിലൂടെയും രോഗ പ്രതിരോധശേഷി  വര്‍ധിപ്പിച്ച് ആരോഗ്യ സന്തുലിതാവസ്ഥ കൈവരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ആയുര്‍വേദ മരുന്നുകള്‍ സര്‍വേ അവസാനിച്ചതിനു ശേഷം വിതരണം ചെയ്തു തുടങ്ങും. സര്‍വ്വെയ്‌ക്കൊപ്പം ഐ.സി.ഡി.എസ് ജീവനക്കാര്‍ക്ക് പരിശീലന ക്ലാസുകളും നല്‍കുന്നുണ്ട്.