ജില്ലയിൽ ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പു പദ്ധതിയുടെ 24-ാം ഘട്ടം ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവ്വഹിച്ചു. പ്രതിരോധ വാക്‌സിന്റെ ആദ്യത്തെ പെട്ടി ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വരുൺ ലാൽ പി.എസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി.
കന്നുകാലികളെ വളർത്തുന്നവർക്ക് ഏറെ സഹായകമാകുന്നതാണ് പ്രതിരോധ കുത്തിവെപ്പു പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുൻകാലങ്ങളിൽ മികച്ച രീതിയിലാണ് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണവകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ കന്നുകാലികളേയും, എരുമ, പന്നി മുതലായ മൃഗങ്ങളേയുമാണ് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്. ജൂലൈ 16 വരെ വാക്‌സിനേറ്റർമാർ വീടുകളിലെത്തി കുത്തിവെപ്പ് നടത്തും. നാലുമാസത്തിനു മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കാണ് കുത്തിവെപ്പ് നടത്തുക. ഓരോ കുത്തിവെപ്പിനും അഡ്മിനിസ്‌ട്രേറ്റിവ് ചാർജ് ആയി 10 രൂപ കർഷകർ നൽകണം.
ഇന്ത്യൻ ഇമ്യൂണോളജിക്കൽസിന്റെ രക്ഷാ വാക്‌സിനാണ് കുത്തിവെപ്പിന് ഉപയോഗിക്കുന്നത്. കുത്തിവെപ്പെടുക്കുന്നതിലൂടെ പനി, പാൽ കുറയൽ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾക്ക് കുത്തിവെപ്പ് നിർബന്ധമാണ്. കുത്തിവെപ്പിന് വിസമ്മതിക്കുന്ന കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും. നിയമപ്രകാരം നിർബന്ധമാക്കിയ ഈ കുത്തിവെപ്പിലൂടെ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകുകയും ചെയ്യും.
കണ്ണൂർ കോർപ്പറേഷൻ കൗസിലർ അഡ്വ. ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സി.കെ ഖലീൽ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എം. വിനോദ് കുമാർ, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനംഗ് സെന്ററിലെ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ടി.വി ഉണ്ണികൃഷ്ണൻ, സ്‌പെഷ്യൽ ലൈവ് സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത്, റീജ്യനൽ ഡിസീസ് ഡയഗനോസ്റ്റിക് ലബോറട്ടറീസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. എം.പി ഗിരീഷ് ബാബു, അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിലെ ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ജയശ്രീ കെ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.