മലപ്പുറത്ത്:  നിലവിലുള്ള  വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കാനുമുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍  തീരുമാനമായി. കോവിഡ് മഹാമാരിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ഇടപെടാന്‍ കഴിയണമെന്ന് അംഗങ്ങള്‍ പറഞ്ഞു. 2018, 2019 വര്‍ഷങ്ങളില്‍ പ്രളയം സാരമായി ബാധിച്ച വാഴക്കാട്, വാഴയൂര്‍, ചീക്കോട് ഗ്രാമപഞ്ചായത്തുകളില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനായി രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലെ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് പ്രവൃത്തികള്‍  വേഗത്തിലാക്കും. കോഹിനൂരില്‍ പി.ഡബ്‌ളിയു.ഡി റസ്റ്റ് ഹൗസ് നിര്‍മാണം ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക് ആരംഭിക്കും. ജില്ലയിലെ സ്റ്റാഫ് നഴ്‌സ് ട്രേഡ് രണ്ടിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.   ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കും. അതിനായി വാക്‌സിന്‍ ലഭ്യത ഉറപ്പാക്കും. വിവിധ കുടിവെള്ള പദ്ധതികള്‍, റോഡുകള്‍ തുടങ്ങിയ വിഷയങ്ങള്‍ വികസന സമിതി യോഗം ചര്‍ച്ച ചെയ്തു.

പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോകാനുള്ള അനുമതി ലഭ്യമാവുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇല്ലാത്ത ഗവണ്‍മെന്റ് / എയ്ഡഡ് ഹൈസ്‌കൂളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ഹയര്‍ സെക്കന്‍ഡറിയുളള സ്‌കൂളുകളില്‍ പുതിയ ബാച്ചുകളും ആരംഭിക്കുവാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.അബ്ദുള്‍ ഹമീദ് എം.എല്‍.എയും പ്രമേയം അവതരിപ്പിച്ചു. പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി. അബു സിദ്ദീഖ് പ്രമേയ അനുവാദകനായിരുന്നു.

ഓണ്‍ലൈനായി നടന്ന  യോഗത്തില്‍  എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി ഇബ്രാഹിം, പി. അബ്ദുള്‍ ഹമീദ്,  പി. ഉബൈദുള്ള, ജില്ലാ വികസന കമ്മീഷണര്‍ പ്രേംകുമാര്‍, എ.ഡി.എം എന്‍.എം മെഹറലി,  പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ  പ്രതിനിധി അബു സിദ്ധിഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എ കരീം, ജില്ലാ വികസന സമിതി സെക്രട്ടറിയും ജില്ലാ പ്ലാനിങ് ഓഫീസറുമായ പി.എ ഫാത്തിമ്മ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.