പാലക്കാട് ജില്ലയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കി കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തണമെന്നും ടെസ്റ്റ് വിമുഖത മാറ്റാൻ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഗൂഗിൾ മീറ്റിലൂടെയുള്ള കോവിഡ് പ്രതിരോധ അവലോകന യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് വാക്സിനേഷനുള്ള സ്പോട്ട്, ഓൺലൈൻ രജിസ്ട്രേഷൻ അനുപാതം ജില്ലാതലത്തിൽ തീരുമാനിക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾ, പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകി വാർഡ് തലത്തിൽ വാക്സിനേഷൻ സജീവമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടുത്ത മൂന്നാഴ്ച നിർണായകമായ സാഹചര്യത്തിൽ പരമാവധി ആൾക്കൂട്ടങ്ങളും യോഗങ്ങളും ഒഴിവാക്കണം.
ക്ലസ്റ്റർ രൂപീകരണം കൃത്യമായി നിരീക്ഷിക്കണം. പൊതുജനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് ബോധവത്ക്കരണം നൽകാനും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

വാർഡ് നമ്പർ അടിസ്ഥാനത്തിൽ വാക്സിനേഷൻ നടത്തുന്നതിന് മന്ത്രി നിർദ്ദേശം നൽകി. വിവാഹങ്ങളിലും മറ്റും പരിപാടികളിലും പല സമയങ്ങളിലായി 20 പേർ വീതം നിരവധി ആളുകൾ പങ്കെടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിൽ പുതിയ ആംബുലൻസ് ഉടൻ ലഭ്യമാക്കും

അട്ടപ്പാടിയിൽ പുതിയ ഒരു ആംബുലൻസ് ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആംബുലൻസിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അധിക ആംബുലൻസ് വേണമെന്നുള്ള അട്ടപ്പാടികാരുടെ ആവശ്യത്തിന് ഇതോടെ പരിഹാരമാകും.
പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രതിഫലം സംബന്ധിച്ച് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുമായി പ്രത്യേക ചർച്ച നടത്തിയതായും ഉടൻ പരിഹരിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അവലോകന യോഗത്തിൽ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ, ഹോം ക്വാറന്റൈൻ: കർശന പരിശോധനയുമായി പോലീസ്

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചിട്ട് കർശനമായി പരിശോധിക്കുന്നുണ്ടെന്നും ഹോം ക്വാറന്റൈൻ കൃത്യമായി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.

ആദിവാസി മേഖലയിൽ വാക്സിനേഷൻ ദ്രുതഗതിയിൽ: ജില്ലാ കലക്ടർ

ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വാക്സിൻ നൽകാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുന്നതായി ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. പറമ്പിക്കുളം മേഖലയിൽ 98 ശതമാനത്തോളവും അട്ടപ്പാടിയിൽ 90 ശതമാനത്തോളവും വാക്സിനേഷൻ പൂർത്തിയാക്കി. ജില്ലയിലെ മറ്റ് ഒറ്റപ്പെട്ട ഭാഗങ്ങളിലെ ആദിവാസി കോളനികളിൽ വാക്സിനേഷൻ വിതരണത്തിനു പ്രത്യേക പരിഗണന നൽകും. കൂടാതെ, സംസ്ഥാന വ്യാപകമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ സെക്ടറൽ മജിസ്ട്രേറ്റ്മാരെയും മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.

തിങ്കളാഴ്ചയോടെ ജില്ലയ്ക്ക് കൂടുതൽ വാക്സിൻ ലഭിക്കുന്നതോടെ കൂടുതൽ വിഭാഗങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കാൻ കഴിയും. പ്രവാസികൾ, ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് വാക്സിനേഷന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാതിരുന്നിട്ടും ഡോമിസിലറി കെയർ സെന്ററുകളിലേക്ക് പോകാൻ വിമുഖത കാണിക്കുന്നത് ഒഴിവാക്കണം. മേൽ പറഞ്ഞതും ടെസ്റ്റിനോടുള്ള വിമുഖതയും പോസിറ്റീവ് നിരക്ക് കൂടാൻ കാരണമാകുന്നുണ്ടെന്ന് ജില്ലാ കലക്ടർ ചൂണ്ടിക്കാണിച്ചു.

എംഎൽഎമാരായ എ. പ്രഭാകരൻ, കെ ബാബു, മമ്മിക്കുട്ടി, പി കെ മുഹമ്മദ് മുഹ്സിൻ, പ്രേംകുമാർ, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, സ്പീക്കർ എം.ബി. രാജേഷിന്റെ പ്രതിനിധി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.