ജില്ലയിലെ ആദ്യ സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം പരിസരത്തെ ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷനില്‍ ജില്ലയിലെ ആദ്യ പ്രകൃതി വാതക വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതി സംരക്ഷണം എന്നത് ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരും ഗൗരവമായി കാണുന്ന ഒന്നാണ്. എന്നാല്‍ അനാവശ്യമായ പരിസ്ഥിതി മൗലികവാദം ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ അത്തരം എതിര്‍പ്പുകളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത സമര രീതികളും ഇതിനെതിരേ ചിലര്‍ അവലംബിച്ചു. എന്നാല്‍ നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയായി കണ്ട് അത്തരം എതിര്‍പ്പുകള്‍ വകവച്ചുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ വിജയമാണ് ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്ന് പലരും കരുതിയ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയില്‍ പൈപ്പ് ലൈന്‍ വഴിയാണ് സംസ്ഥാനത്തെ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് പ്രകൃതി വാതകം ലഭ്യമാക്കുക. പദ്ധതിയെ എതിര്‍ക്കുന്നവര്‍ പെട്രോളില്‍ നിന്ന് സിഎന്‍ജിയിലേക്കുള്ള മാറ്റത്തിലൂടെ വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണിന്റെ അളവ് കുറയുന്നത് കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സമൂഹത്തിലേക്കുള്ള മുന്നേറ്റത്തിന്റെ അളവുകോലാണ് ജയിലുകള്‍. കുറ്റം ചെയ്തവരെ എല്ലാ കാലവും കുറ്റവാളിയായി കാണേണ്ടതുണ്ടോ എന്നത് നാം ചിന്തിക്കണം. ശിക്ഷകാലാവധി കഴിഞ്ഞവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോവാനുള്ള അവസരം ഒരുക്കുകയാണ് വിവിധ പുനരധിവാസ പദ്ധതികളിളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ ജയില്‍ പരിസരത്തു നടന്ന പരിപാടിയില്‍ മേയര്‍ അഡ്വ. ടി  ഒ മോഹനന്‍ അധ്യക്ഷനായി. കെ വി സുമേഷ് എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര, വാര്‍ഡ് കൗണ്‍സിലര്‍ ഷൈജു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷന്‍ സര്‍വീസ് ഋഷിരാജ് സിംഗ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഉത്തരമേഖല ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എം കെ വിനോദ് കുമാര്‍, ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍, ഐഒസി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ദീപക് ദാസ്, ഐഒഎജി അസറ്റ് ഹെഡ് ജിതേഷ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.