ജനങ്ങള്‍ക്ക് വാക്സിന്‍ വ്യവസ്ഥാപിതമായി ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിന്‍ വിതരണത്തില്‍ ഒരു തരത്തിലുമുള്ള സങ്കീര്‍ണതയോ ക്രമക്കേടോ ഉണ്ടാവരുത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഗര്‍ഭിണികള്‍, പ്രായം കൂടിയവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സര്‍ക്കാര്‍ മുന്‍ഗണനാ പട്ടിക നിശ്ചയിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് ആദ്യം വാക്സിന്‍ നല്‍കണം.

ചിലയിടങ്ങളില്‍ കൂടുതല്‍ വാക്സിനേഷന്‍ നല്‍കിയെന്നത് വാര്‍ഡ് അംഗങ്ങളുടെ നേട്ടമായി അവതരിപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്. ഇത് അഭിലഷണീയമല്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനാല്‍ ഇത്തരം പ്രവണത ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. പല ജില്ലകളില്‍ നിന്നും ഇങ്ങനെയുള്ള പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.

തദ്ദേശ സ്ഥാപന പരിധിയിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ഒരുപോലെ ലഭ്യമാക്കണം. ഓരോ ദിവസവും ആദ്യത്തെയും അവസാനത്തെയും വാര്‍ഡ് എന്ന ക്രമത്തില്‍ മാറി മാറി വരുന്ന വിധം ക്രമീകരണം ഉണ്ടാക്കണം. കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചക്കാലം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പൊലീസും മറ്റു വകുപ്പുകളും പൊതുജനങ്ങളും ഒത്തു ശ്രമിച്ചാലേ കൊവിഡ് വ്യാപനം പ്രതിരോധിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.