*പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരം

കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിന്റെ പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ശബ്ദ സന്ദേശം, എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റുമാണ്. അതിനാൽ ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.