ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിന് ആവശ്യം. അതിന് സ്‌കൂള്‍ തലം മുതല്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മിഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ശശികല നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സണ്ണി പാമ്പാടി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സന്തോഷ് കുമാര്‍, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, പ്രിന്‍സിപ്പല്‍ ഡോ. ജെഗി ഗ്രേസ് തോമസ്, ഡി.എം.ഒ( ആയൂര്‍വേദ) ഡോ. റോബര്‍ട്ട് രാജ് ആര്‍, ആയുഷ് വെല്‍നസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജ്യുവല്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി  സൂപ്രണ്ട് ഡോ. അജിത് സ്വാഗതവും ഹെഡ്മിസ്ട്രസ് ജെസി വര്‍ഗീസ് നന്ദിയും പറഞ്ഞു.
 സ്ത്രീ രോഗങ്ങളില്‍ യോഗയുടെ പ്രാധാന്യം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഡോ. സുമി ശ്രീകണ്ഠന്‍, ഡോ.രഞ്ചന, ഡോ. ചാന്ദ്‌നി ടി.ആര്‍ എന്നിവരുടെ നേത്യത്വത്തില്‍ രാവിലെ ഒന്‍പത് മുതല്‍ യോഗ പരിശീലനം നടത്തി. എന്‍ എസ് എസ്, ഗൈഡ്, സൗഹൃദ ക്ലബ്, എന്‍ സി സി, എസ് പി സി എന്നീ വിഭാഗങ്ങളില്‍ നിന്നായി 145 വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.