-ഗ്രാമീണ ആർട്ട് ഹബ്ബുകൾ സ്ഥാപിക്കും

ആലപ്പുഴ: കോവിഡ് മഹാമാരിക്കാലത്ത് ശില്പികള്‍ക്ക് സാമ്പത്തികമായി കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ‘വര്‍ക്ക് ഫ്രം ഹോം’ എന്ന ആശയത്തില്‍ ഊന്നി കേരള ലളിതകലാ അക്കാദമി ‘ശില്പകേരളം’, ശില്പകലാ ക്യാമ്പിന് തുടക്കം കുറിച്ചു. 50 ശില്പികള്‍ സ്വന്തം വീടുകളില്‍ ശില്പനിര്‍മ്മാണം നടത്തുന്നു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ശില്പി അജയന്‍ വി. കാട്ടുങ്ങലിന് ശില്പനിര്‍മ്മാണ തൊഴിലുപകരണം നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ വിഭാഗത്തില്‍പ്പെടുന്ന കലാകാരസമൂഹത്തിന് ജീവിത സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരമ പ്രധാനമായ സംഗതി കലാകാര സമൂഹത്തിന്റെ യൗവനം കലയ്ക്കുവേണ്ടിയും സാമൂഹ്യമാറ്റത്തിന് വേണ്ടിയും അവര്‍ ഉപയോഗിക്കുമ്പോള്‍ വാര്‍ദ്ധക്യം സുരക്ഷിതമല്ലാതാവുന്നു എന്ന സാമൂഹ്യയാഥാര്‍ത്യം നാം കാണാതെ പോകരുത്.

നമ്മുടെ കലാകൃത്തുക്കളെ ലോകത്തിന് പരിചയപ്പെടുത്തുകയും  ഇവിടെ എത്തിച്ചേരുന്ന വിദേശികള്‍ അടക്കമുള്ള സഹൃദയര്‍ക്ക് അവരുടെ രചനകളെ കാട്ടികൊടുക്കുകയും ചെയ്യാവുന്നവിധം ഗ്രാമീണ ആര്‍ട്ട് ഹബ്ബുകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് ഉണ്ടാക്കുകയെന്നത് സാംസ്‌കാരികവകുപ്പ് ലക്ഷ്യമിടുന്ന ഒരു പ്രധാന സംഗതിയാണ്. അത് കേരളത്തിലെ ഗ്രാമാന്തരങ്ങളിലൂടെ മാത്രമല്ല ഇന്ത്യന്‍ പത്രങ്ങളിലും വിദേശങ്ങളിലും അത്തരം ഇടങ്ങളുണ്ടാവണം അവിടെ കേരളത്തിന്റെ കലയെ വ്യാപിപ്പിക്കുവാനുതകുന്ന ഇടപെടലുകളായി അവ മാറണം. സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള കലയുടെ ഇടപെടലിന്റെ തുടര്‍ച്ച മുറിഞ്ഞുപോയോ എന്നു നാം സംശയിക്കണം.

അന്ത:വിശ്വാസവും ജാതീയതയും മുന്‍പില്ലാത്തവിധം തിരിച്ചുവരുന്നതും നാം കാണാതിരുന്നുകൂടാ. അത്തരം സംഗതികളെ ചെറുത്തുനില്‍ക്കുന്നതിന് കലയ്ക്കും  സാംസ്‌കാരിക ഇടപെടലിനും വലിയ പങ്കുണ്ട്-മന്ത്രി പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍,  വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്,           , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിപിന്‍ സി. ബാബു, വാ ര്‍ഡ് കൗണ്‍സിലര്‍ ബിനു അശോകന്‍, അക്കാദമി നിര്‍വ്വാഹകസമിതി അംഗം ബാലമുരളീകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.