കാസര്‍കോട്: ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 2166 എന്യൂമറേഷന്‍ ബ്ലോക്കുകളിലെ 46930 അതിദരിദ്ര കുടുംബങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്, ഗ്യാസ് തുടങ്ങി ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഡാറ്റ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയതായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപന്‍ അറിയിച്ചു.

26 ദിവസത്തെ കഠിന പരിശ്രമത്തിലാണ് സര്‍വ്വേ പൂര്‍ത്തീകരിച്ച് അപ്‌ലോഡ് ചെയ്തത്. ഗ്രാമീണ കുടുംബങ്ങളുടെ ഇല്ലായ്മകളില്‍ നിന്നും അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് വഴി മാറ്റുന്ന പ്രക്രിയയില്‍ അവര്‍ക്ക് ലഭ്യമാകുന്ന പ്രയോജനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശാസ്ത്രീയ സര്‍വ്വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ആവശ്യമാണ്.

അതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് 2011ലൂടെ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായിട്ടാണ് സംസ്ഥാന ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായി സര്‍വ്വേ നടത്തിയത്.

കോവിഡ് മഹാമാരിയുടെ തീവ്രമായ ഭീഷണിക്കിടയിലും ജൂലൈ അഞ്ച് മുതല്‍ ജൂലൈ 31 വരെ 26 ദിവസം രാപ്പകലില്ലാതെ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിലും വിവരങ്ങൾ സമയബന്ധിതമായി അപ് ലോഡ് ചെയ്യുന്നതിനും പ്രവർത്തിച്ച എല്ലാവരോടും ജില്ലാ ഭരണ കൂടത്തിന്റെയും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും പേരിലുള്ള നന്ദി അറിയിക്കുന്നതായി സര്‍വ്വേ നോഡല്‍ ഓഫീസര്‍ കെ. പ്രദീപന്‍ പറഞ്ഞു