ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരാചരണം വിവിധ പരിപാടികളോടെ നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി ബോധവത്ക്കരണ വെബിനാര്‍ നടത്തി. മൂന്നിന് ആരോഗ്യ വകപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നടത്തും. നാലിന് അമ്മമാരെ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ക്ലാസ്സുകളും, പ്രശ്നോത്തരി മത്സരവും പഞ്ചായത്തുതലത്തില്‍ നടത്തും. ആഗസ്റ്റ് അഞ്ചിന് ആരോഗ്യ ഉപകേന്ദ്രങ്ങളിലൂടെ ആശ-അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ആറിന് ബ്ലോക്ക് തലത്തില്‍ ഹൈസ്‌ക്കൂള്‍, ഹയ്യര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പോസ്റ്റര്‍ ഡിസൈന്‍ മത്സരം നടത്തും.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പരിപാടിയുടെ സമാപന ദിനമായ ഏഴിന് ജില്ലയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, ജില്ലയില്‍ പ്രസവ ശുശ്രൂഷ നല്‍കുന്ന സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഓണ്‍ലൈനായി ബോധവത്ക്കരണ സെമിനാര്‍ നടത്തും.

സമാപന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ആഗസ്റ്റ് ഏഴിന് നടത്തും. ഈ പരിപാടിയില്‍ ജില്ലയിലെ സര്‍ക്കാര്‍ തലത്തിലുള്ളഏറ്റവും മികച്ച മുലയൂട്ടല്‍ കേന്ദ്രത്തിന് അവാര്‍ഡ് നല്‍കും.