മലപ്പുറം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലയിൽ പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, വനിതാ ശിശു വികസന വകുപ്പ് എന്നിവര്‍ സംയുകതമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അധ്യക്ഷയായി. പരിശീലന പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബു ലാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.വി. പി രാജേഷ്, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. രാജു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ. എ ഷറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 600 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ‘മുലയൂട്ടല്‍ പരിരക്ഷണം’ എന്ന വിഷയത്തില്‍ മലപ്പുറം താലൂക്കാശുപത്രിയിലെ ശിശുരോഗ വിദഗ്ദന്‍ ഡോ: ഷിബു കിഴക്കാത്ര ബോധവല്‍ക്കരണ ക്ലാസ് നല്‍കി. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്നും ഇതു സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്നും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് മുലയൂട്ടല്‍ വാരാചരണം. “മുലയൂട്ടല്‍ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം” എന്നതാണ് വാരാചരണം സംബന്ധിച്ച് ഇത്തവണത്തെ സന്ദേശം.
വാരാചരണത്തിന്റെ  ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ  ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴസ്മാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, എസ്.സി. പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടികളാണ് നടത്തുന്നത്.