കണ്ണൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ എ വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇതിനോടകം പൂര്‍ത്തിയായി. 35616 ഗുണഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കിയത്. മറ്റ് കാര്‍ഡുടമള്‍ക്കുള്ള വിതരണം ഉടന്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇത്തവണ പുതുതായി ശര്‍ക്കരവരട്ടിയോ ഉപ്പേരിയോ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത ഘട്ടമായി മുന്‍ഗണന (പിങ്ക്) വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുക. ഡിപ്പോകള്‍ കേന്ദ്രീകരിച്ച് ഇതിന് വേണ്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍ വിതരണം ആരംഭിക്കും. പൊതുവിതരണ വകുപ്പിന്റെ കണ്ണൂര്‍ ഡിപ്പോയില്‍ 47961 ഉം തലശ്ശേരിയില്‍ (ഇരിട്ടി താലൂക്ക് ഉള്‍പ്പെടെ)74907ഉം, തളിപ്പറമ്പില്‍ 47272 മായി ആകെ ജില്ലയില്‍ 170140 പി എച്ച് എച്ച് കാര്‍ഡ് ഗുണഭോക്താക്കളാണുള്ളത്. പൊതുവിഭാഗം സബ്‌സിഡി (നീല), പൊതുവിഭാഗം നോണ്‍ സബ്‌സിഡി (വെള്ള) കാര്‍ഡ് ഉടമകള്‍ക്കും താമസിയാതെ കിറ്റ് നല്‍കും. ജില്ലയില്‍ ആകെ 647998 കാര്‍ഡുകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക.പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ- 500 മി.ലി, ചെറുപയര്‍- 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില  100 ഗ്രാം, മുളക്/മുളക് പൊടി- 100 ഗ്രാം, ഉപ്പ്- 1 കി.ഗ്രാം, മഞ്ഞള്‍- 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്, കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്, ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്, നെയ്യ്  50 മി.ലി, ശര്‍ക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട- 1 കി.ഗ്രാം, ബാത്ത് സോപ്പ്  1 എണ്ണം എന്നിവയാണ് ഓണക്കിറ്റിലുള്ളത്.

ഓണത്തിന് മുമ്പേ തന്നെ മുഴുവന്‍ കിറ്റ് വിതരണവും പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍, ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് വിതരണത്തിനുള്ള കിറ്റുകള്‍ ഒരുക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ച 3.30 മുതല്‍ 6.30 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.