നിര്‍മ്മാണോദ്ഘാടനം ജൂലൈ രണ്ടിന്
വയനാട്: ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ മരവയലില്‍ എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നു. സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നിന് കായിക – യുവജനകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. കിറ്റ്‌കോ മുഖേന എറണാകുളത്തെ ലീ ബില്‍ഡേഴ്‌സിനാണ് നിര്‍മ്മാണ ചുമതല. നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കിറ്റ്‌കോ എന്‍ജിനീയര്‍ ബാബു വൈശാഖിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരത്തേ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ഗ്രൗണ്ട് ലെവല്‍, വിസ്തൃതി ഉള്‍പ്പടെയുള്ള പ്രാഥമിക പരിശോധനകള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി.
എട്ടര ഏക്കര്‍ ഭൂമിയില്‍ 16.75 കോടി മുതല്‍മുടക്കിയാണ് സ്റ്റേഡിയം നിര്‍മ്മിക്കുക. മള്‍ട്ടിപര്‍പ്പസിംഗ് രീതിയില്‍ 400 മീറ്റര്‍ ട്രാക്ക്, പരിശീലനകേന്ദ്രം, ഫുട്‌ബോള്‍ കോര്‍ട്ട്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍, മൂന്ന് തലത്തിലുള്ള പവലിയന്‍, എര്‍ത്ത് ഗ്യാലറി, വിശ്രമ മുറികള്‍ എന്നിവയാണ് വിഭാവനം ചെയ്യ്തിട്ടുള്ളത്.ദേശീയപാതയില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നിര്‍ദിഷ്ട സ്റ്റേഡിയത്തിന് 29 വര്‍ഷം മുമ്പ് എം.ജെ വിജയപത്മനാണ് ഭൂമി നല്‍കിയത്. ഒരുവര്‍ഷം മുമ്പ് സ്റ്റേഡിയത്തിന്റെ രൂപരേഖ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയാറാക്കി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയിരുന്നു.