മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ കുടുംബത്തിനു സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പ്രഭാകരന്റെ വീട്ടിലെത്തിയാണ് പ്രഭാകരന്റെ കുടുംബത്തിനു ധനസഹായം കൈമാറിയത്. മലമ്പുഴ എംഎല്‍എയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്ചുതാനന്ദന്‍ ധനസഹായത്തിന്റെ പകുതി ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ബാക്കി അഞ്ച് ലക്ഷം രൂപ കൂടി നല്‍കും. ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിലേയ്ക്കായി 10,000 രൂപയും വനം വകുപ്പ് നല്‍കി. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വനവകുപ്പിന്റെ കീഴില്‍ രൂപീകരിച്ച റാപ്പിഡ് ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എം.ബി. രാജേഷ് എംപി പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ ആര്‍.ആര്‍.ടി.യിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കണം. കൂടുതല്‍ വാഹനങ്ങള്‍ വേണമെങ്കില്‍ എംപി ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കാമെന്നും എം.പി പറഞ്ഞു. വന സംരക്ഷണ നിയമം നിലനിര്‍ത്തി കാട്ടാനകളില്‍ നിന്നും മനുഷ്യജീവന്‍ സംരക്ഷിക്കാനുള്ള നപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി യോഗത്തില്‍ പറഞ്ഞു. ആനകള്‍ ജനവാസ മേഖലയിലേയ്ക്ക് വരുന്നത് തടയാനായി റെയില്‍ ഫെന്‍സിങ് നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ആനകളുടെ സ്ഥിരം താവളമാക്കുന്ന മേഖലകളില്‍ അടിക്കാടുകള്‍ വെട്ടാന്‍ തീരുമാനിച്ചു. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തും. നിലവില്‍ ജനവാസമേഖലയില്‍ എട്ട് ആനകളുണ്ടെന്നും ഇവരെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തി റേഡിയോ കോളര്‍ ഘടിപ്പിക്കുമെന്ന് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. 10 ദിവസത്തിനകം ആനകള്‍ ജനവാസ മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന ഇടങ്ങള്‍ കണ്ടെത്തുമെന്നും ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ സഹായം തേടാന്‍ യോഗത്തില്‍ തീരുമാനിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ കുടുംബത്തിനു നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്നും കുടുംബത്തിലെ ഒരംഗത്തിനു ജോലി നല്‍കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാട്ടാനശല്യത്തിനെ തുടര്‍ന്ന് കൃഷി ചെയ്യാനാവാത്ത സാഹചര്യമാണ് മേഖലയിലുള്ളതെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് തയ്യാറാകണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എം.ബി.രാജേഷ് എം.പി, എ.ഡി.എം ടി. വിജയന്‍, ആര്‍.ഡി.ഒ പി. കാവേരികുട്ടി, മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.