തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന്/ സ്ത്രീ രക്ഷാകര്‍ത്താവിന് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സ്വാശ്രയ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കും. 70 ശതമാനമോ അതില്‍ കൂടുതലോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ മാതാവിനാണ് ധനസഹായം അനുവദിക്കുക. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍നിന്നും സഹായം ലഭ്യമാകാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരാണ്. മാതാവും പിതാവും ഇല്ലാത്ത 70 ശതമാനമോ അതിനുമുകളിലോ ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. ആശ്വാസകിരണം പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും പദ്ധതി പ്രകാരം അപേക്ഷ നല്‍കാം. മറ്റു വകുപ്പുകളില്‍ നിന്നും ഇത്തരത്തില്‍ തൊഴില്‍ സംരഭങ്ങള്‍ക്ക് സഹായം ലഭ്യമാകുന്നവര്‍ക്ക് ഈ പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം ലഭിക്കില്ല. സ്വയം തൊഴില്‍ പദ്ധതി സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 നകം ലഭിക്കണം. അപേക്ഷാ ഫോമും മറ്റുവിവരങ്ങളും sjd.kerala.gov.in ല്‍ ലഭിക്കും.
