കാക്കനാട്: പട്ടികജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പ് വിജയഭേരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പരീക്ഷയിൽ 50 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ / ഗവേഷണ കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ എറണാകുളം ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുള്ളവരും സർക്കാരിൽ നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുള്ളവരും ആയിരിക്കണം. ജാതി സർട്ടിഫിക്കറ്റ് വരുമാന സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയിൽ നിന്നുള്ള സാക്ഷ്യപത്രം ,ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ കാർഡിൻ്റെ കോപ്പി, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഗ്രാമ പഞ്ചായത്തിൽ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയില്ലെന്ന സാക്ഷ്യപത്രം ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ,അതാത് ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെ ശുപാർശക്കത്ത് എന്നിവ സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31 നകം അതാത് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ: 0484-2422256