എറണാകുളം : ഓണത്തിന് മുൻപായി എല്ലാവർക്കും ഓണകിറ്റ് എത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ജില്ലാ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. ആദ്യ ഘട്ടമായി അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ കാർഡുടമകൾക്കുള്ള ഓണകിറ്റ് വിതരണം ജൂലൈ 31 ന് തന്നെ ആരംഭിച്ചു കഴിഞ്ഞു. 10000 ഓളം എ. എ. വൈ കാർഡുടമകൾ ആണ് ഇതുവരെ കിറ്റ് വാങ്ങിയത്. ആകെ 30% ഓളം അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ ഉൾപ്പെട്ട കാർഡുടമകൾ ഓണകിറ്റ് കൈപ്പറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട
പിങ്ക് കളർ കാർഡുടമകൾക്കും മൂന്നാം ഘട്ടത്തിൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ പെട്ട
നീല കളർ കാർഡുടമകൾക്കും നാലാം ഘട്ടത്തിൽ മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട
വെള്ള കളർ കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 16 ന് മുൻപായി എല്ലാവർക്കും ഓണകിറ്റ് എത്തിക്കാൻ ആണ് നിലവിൽ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 3 വരെ എ. എ. വൈ കാർഡുകൾക്കുള്ള കിറ്റുകളും ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 7 വരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട കാർഡുടമകൾക്കും ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 12 വരെ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ പെട്ട
നീല കളർ കാർഡുടമകൾക്കുള്ള കിറ്റുകളും ഓഗസ്റ്റ് 13 മുതൽ 16 വരെ നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട
വെള്ള കളർ കാർഡുടമകൾക്കുള്ള കിറ്റുകളും വിതരണം ചെയ്യും.
പഞ്ചസാര ഒരു കിലോഗ്രാം, വെളിച്ചെണ്ണ , ചെറുപയർ, തുവര പരിപ്പ്, തേയില, മുളക് പൊടി, ശബരി പൊടി ഉപ്പ്, മഞ്ഞൾ , സേമിയ അല്ലെങ്കിൽ പാലട ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ ,ഒരു കിലോഗ്രാം ആട്ട, ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി തുടങ്ങിയവയായിരിക്കും കിറ്റിൽ ഉണ്ടാകുക.
ജില്ലയിൽ 881834 കിറ്റുകളാണ് തയാറാക്കുന്നത്. കാർഡുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. എ. എ വൈ വിഭാഗത്തിൽ ജില്ലയിൽ ആകെ 37126 കാർഡുകൾ ആണ് ഉള്ളത്. മുൻഗണന വിഭാഗത്തിൽ 255522 കാർഡുകളും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ 278356 കാർഡുകളും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ 307310 കാർഡുകളുമാണ് ജില്ലയിലുള്ളത്.