17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രാദേശിക തലത്തില്‍ വിവിധ പരിപാടികള്‍

കാസർഗോഡ്: കേരളത്തിന്റെ സാമൂഹ്യ വികാസചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25ാം വാര്‍ഷികം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിര്‍വ്വഹണവും ലക്ഷ്യമിട്ട് 1996 ആഗസ്റ്റ് 17ന് (കൊല്ലവര്‍ഷം 1171 ചിങ്ങം 1) ആരംഭിച്ചതാണ് സര്‍ഗാത്മക വികസന മുന്നേറ്റമായ ജനകീയാസൂത്രണ പ്രസ്ഥാനം. ആഗസ്റ്റ് 17ന് വൈകീട്ട് 4.30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആസൂത്രണ ബോര്‍ഡ് അംഗങ്ങളും പങ്കാളികളാകും. സംസ്ഥാനത്തെ കലാ സാഹിത്യ-സാംസ്‌കാരിക മാധ്യമ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.17ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും സംസ്ഥാനതല ഉദ്ഘാടന പരിപാടിക്ക് മുമ്പായി രജതജൂബിലി ആഘോഷം സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ജനകീയാസൂത്രണകാലം മുതല്‍ക്കിങ്ങോട്ടുള്ള അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിക്കും. വേദിയില്‍ സജ്ജമാക്കിയ സ്‌ക്രീനില്‍ സംസ്ഥാന തല പരിപാടി എല്ലാവരും വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കും.

പ്രാദേശിക വേദിയില്‍, 1996 മുതലിങ്ങോട്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പിന്നിട്ട ജനകീയാസൂത്രണ വഴികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍ അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണം രജത ജൂബിലി മെമന്റോ സമ്മാനിച്ച് ആദരിക്കും. രജതജൂബിലി വേളയില്‍ ഓരോ തദ്ദേശ സ്ഥാപനവും എല്ലാ കാലവും ഓര്‍മ്മിക്കാവുന്ന ഒരു അടയാളപ്പെടുത്തല്‍ ഉണ്ടാവും. കൂടുതല്‍ പ്രദേശത്ത് മിയോവാക്കി വനങ്ങള്‍ ഉണ്ടാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും. മിയാവോക്കി വനങ്ങളുടെ സ്ഥാപനവും പരിപാലനവും മനസ്സിലാക്കി, ശാസ്ത്രീയമായ വനവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത്.

ഗ്രാമ വാര്‍ഡ് സഭകളെ ശാക്തീകരിക്കുന്നതിന് രജതജൂബിലി ഗ്രാമവാര്‍ഡ് സഭകള്‍ സെപ്റ്റംബറില്‍ വിളിച്ചുചേര്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി ശാക്തീകരണം ഉറപ്പുവരുത്താനുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. സ്ത്രീ ഘടക പദ്ധതികള്‍ വിപുലീകരിക്കും. 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓണ്‍ലൈനായി ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ദേശീയ തലത്തില്‍ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയുമായി ബന്ധപ്പെടുന്ന വ്യക്തിത്വങ്ങളെ സെമിനാറില്‍ പങ്കെടുപ്പിക്കും.

കോവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്ന വേളയില്‍ അന്തര്‍ദേശീയ തലത്തില്‍ ജനകീയാസൂത്രണ കോണ്‍ഗ്രസ് സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷിലും മലയാളത്തിലുമായി 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആഘോഷത്തിന്റെ ഭാഗമായി എല്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കേണ്ടതാണ്. അവയിലൂടെ അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിപോഷിപ്പിക്കണം. ആഘോഷത്തിന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കും.

വികേന്ദ്രീകരണത്തിന്റെ ലഭ്യമായ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ കാസര്‍കോട് ജില്ലാതല ആലോചനായോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്സണ്‍ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി. വല്‍സന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. എ.പി. ഉഷ, സംസ്ഥാന സമിതി അംഗം ടി.കെ. രവി, പി.പി. പ്രസന്ന കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.