മലപ്പുറം: ‘കുട്ടികളിലെ  കാഴ്ച്ചക്കുറവിന് ആയുര്‍വേദ പരിഹാരം’ എന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാവകുപ്പ് നടപ്പാക്കുന്ന ദൃഷ്ടി പദ്ധതി മലപ്പുറത്തും. കാഴ്ച്ചക്കുറവിനുള്ള സൗജന്യ ചികിത്സ വെളിമുക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ഉഷ അറിയിച്ചു. നേത്ര സ്‌പെഷ്യലിസ്റ്റ് (നാഷണല്‍ ആയുഷ്മിഷന്‍) മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി ശ്രീപ്രിയയുടെ നേതൃത്വത്തിലാണ് സേവനം.
വിദ്യാഭ്യാസം ഓണ്‍ലൈനായതിനെതുടര്‍ന്ന് കുട്ടികളില്‍ കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. കണ്ണട ഉപയോഗിക്കുന്ന കുട്ടികളിലും അല്ലാത്ത കുട്ടികളിലും തലവേദന, കണ്ണിനു കഴപ്പ്, വേദന എന്നിവ കൂടുതലായി കാണുന്നു. കുട്ടികള്‍ വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവ കൂടുതല്‍ സമയം ഉപയോഗിക്കുന്നതും  വ്യാപകമാണ്. കുട്ടികളിലെ ചെറിയ പ്രശ്‌നങ്ങള്‍പോലും നേരെത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അത് ഗുരുതര കാഴ്ച്ച വൈകല്യത്തിലേക്ക് നയിച്ചേക്കാം.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിന് ദൃഷ്ടി പദ്ധതി ലക്ഷ്യമിടുന്നതായി  പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ ഡോ. പി.കെ. നേത്രദാസ്പറഞ്ഞു. ബോധവത്ക്കരണ ക്ലാസുകള്‍ക്ക് താത്പര്യമുള്ള സ്‌കൂള്‍ അധികൃതര്‍ രാവിലെ ഒന്‍പത് മുതല്‍ പകല്‍ ഒന്നു വരെയുള്ള സമയത്ത് 9037614502, 7306260266 നമ്പറുകളില്‍ ബന്ധപ്പെടണം.