മലപ്പുറം: വിദ്യാര്‍ഥികളില്‍ സ്വയം സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പോളിടെക്‌നിക് അധ്യാപകര്‍ക്ക് ആറ് ദിവസത്ത ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. എന്റര്‍പ്രിണേറിയല്‍ ഇക്കോസിസ്റ്റം എന്ന പേരില്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14വരെ ഓണ്‍ലൈനായി നടത്തുന്ന പരിപാടിയില്‍ സംസ്ഥാനത്തെ 96 പോളിടെക്‌നിക് കോളജുകളില്‍ നിന്നായി ഏകദേശം എഴുപതോളം അധ്യാപകര്‍ പങ്കെടുക്കും.
പ്രോഗ്രാമില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്,  കെ-ഡി.ഐ.എസ്.സി മെമ്പര്‍ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍, ഐ.ഐ.ടി പാലക്കാട് ഡയറക്ടര്‍  പ്രൊഫ.പി.ബി സുനില്‍ കുമാര്‍, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, തിരുവനന്തപുരം കെ.എസ്.സി.എസ്.ടി.ഇ ചീഫ് സയിന്റ്റ്റ്‌സ് ആന്‍ഡ് ഹെഡ് ഡോ. വി.അജിത് പ്രഭു, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എം.എസ്.എം.ഇ, ഡി.ഐ.സി തുടങ്ങിയ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപന മേധാവികള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ടി.പി ബൈജുഭായ്,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി.ബീന തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പെരിന്തല്‍മണ്ണ പോളിടെക്‌നിക്   കോളജ് അലൂമിനി, പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.