ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൗസ്‌ബോട്ടുകൾ- ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഹൗസ് ബോട്ടുകളിൽ /ശിക്കാര വളളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകൾ / ശിക്കാര വള്ളങ്ങൾ യാത്രയ്ക്കായി സജ്ജമാക്കാൻ പാടുള്ളൂ. ഇതിനായി ഒരു ഹൗസ് ബോട്ടിന് യൂസർ ഫീയായി ഒരു ദിവസം 100 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപയും ഡി.ടി.പി.സിക്ക് കൈമാറണം പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നു മാത്രം ബോർഡിംഗ് പാസുകൾ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യും.

എല്ലാ മാനദണ്ഡങ്ങളും പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തിയതിനു ശേഷഠ മാത്രമേ ബോർഡിംഗ് പാസുകൾ അനുവദിക്കാൻ പാടുള്ളു. യാത്രയ്ക്കുള്ള ബോർഡിങ് പാസില്ലാതെ യാതൊരു കാരണവശാലും ഹൗസ്‌ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല. ശിക്കാര വള്ളങ്ങൾക്കായുള്ള ബോർഡിംഗ് പാസ് ഡി.ടി.പി.സി ഓഫീസിൽ നിന്നു വിതരണം ചെയ്യും.

സംവിധാനങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയുo 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ഏർപ്പാടാക്കും. ഉത്തരവുകൾ ലഘിക്കുന്നവർക്കെതിരേ 2005 ദുരന്തനിവാരണ നിയമം, 2021 ലെ സാംക്രമിക രോഗങ്ങൾ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സെക്രട്ടറി, ഡിറ്റിപിസി, ടൂറിസം ഡെപ്യൂട്ടി ഡയറകൾ, പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.