തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായി വെബിനാര്‍ സംഘടിപ്പിച്ചു. മുന്‍ ആരോഗ്യ വനിതാ കുടുംബക്ഷേമ വകുപ്പ് മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ.ശൈലജ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തലത്തില്‍ സ്ത്രീ ജാഗ്രതാ സമിതി രൂപീകരിച്ച് സ്ത്രീശാക്തീകരണത്തിന് വഴിതെളിയിക്കണമെന്ന് ശൈലജ പറഞ്ഞു. പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 224 പേര്‍ വെബിനാറിന്റെ ഭാഗമായി. കില ജെന്റര്‍ സ്‌കൂള്‍ ഫോര്‍ ലോക്കല്‍ ഗവേണന്‍സ് ഫാക്കള്‍ട്ടി ഡോ.കെ പി എന്‍ അമൃത മുഖ്യപ്രഭാഷണം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ്, സെക്രട്ടറി പി ആര്‍ അജയഘോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.