എറണാകുളം: നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പഷ്യല്‍ ഓഫീസറും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.ആര്‍.ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഇന്ന്് അവലോകനം ചെയ്തു. രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതിലും അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് നിരീക്ഷണം ശക്തമാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് അദ്ദേഹം കര്‍ശനമായ നിര്‍ദേശം നല്‍കി.

രോഗികളും സമ്പര്‍ക്കത്തിലുള്ളവരും മറ്റുള്ളവരുമായി ഇടപഴകുന്നില്ല എന്നുറപ്പാക്കാന്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായം തേടാന്‍ അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കി. വീട്ടില്‍ കഴിയുന്ന കോവിഡ് രോഗിയുണ്ടെങ്കില്‍ അയാള്‍ വീട്ടിലെതന്നെ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന്് വാര്‍ഡതല ജാഗ്രത സമതികള്‍ ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തി പിഴയീടാക്കുകയോ ശിക്ഷ ഉറപ്പാക്കുകയോ ചെയ്യണം. ഇത്തരം ലംഘനങ്ങള്‍ കണ്ടാല്‍ അവ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ നൂതന സംവിധാനം ഏര്‍പ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്ന്‍ മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ശക്തമായി തുടരണം. കടകള്‍ ദിവസവും തുറക്കുന്നതോടെ ഇവിടങ്ങളില്‍ കൂട്ടം കൂടുന്നതും പ്രോട്ടോകോള്‍ ലംഘനം ഉണ്ടാകുന്നതും തടയാന്‍ പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി മൊബൈല്‍ പെട്രോളിങ് നടത്തും. 60 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ കൈവശമുള്ള വാക്‌സിനുകള്‍ പ്രയോജനപ്പെടുത്തി ജില്ലയിലെ മറ്റു വിഭാഗങ്ങളിലെ ആളുകള്‍ക്കും സമ്പൂര്‍ണ വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, റൂറല്‍ എസ്.പി. കെ. കാര്‍ത്തിക് , ഡി സി പി ഐശ്വര്യ ഡോംഗ്രെ, ജില്ലാ വികസന കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍, സബ് കളക്ടര്‍ ഹാരിസ് റഷീദ്, അസിസ്റ്റന്റ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ജില്ല സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജെ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.