ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന വണ്ടന്‍മേട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുളളതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അറിയിച്ചു.

വണ്ടന്‍മേട് സാമൂഹ്യാരോഗ്യകേന്ദ്രത്തെ കുംടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള വിശദമായ പ്രോപ്പോസല്‍ സമര്‍പ്പിച്ചിരുന്നതായും, മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് സി.എച്ച്.സിക്ക് എന്‍.ക്യൂ.എ.എസ്സ് അംഗീകാരം നേടുന്നതിനുമുള്ള ബൃഹത് പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി ഈ വര്‍ഷതന്നെ അംഗീകാരം നേടിയിട്ടുള്ളതായും പ്രസിഡന്റ് അറിയിച്ചു.

കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനത്തോടു കൂടിയ കിടക്കകള്‍ ഒരുക്കുക, ഓ.പി, ഐ.പി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, നൂതന ലബോറട്ടറി സൗകര്യം, എക്സറേയൂണിറ്റ് എന്നിവ സജ്ജമാക്കുക എന്നീപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ 76 സിഎച്ച്സികളെയാണ് ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രഖ്യാപിച്ചിട്ടുള്ളത്. വണ്ടന്‍മേട് സിഎച്ച്സിയെ സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ 24 മണിക്കൂര്‍ കാഷ്വാലിറ്റി സൗകര്യം, ജനറല്‍മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എന്‍. റ്റി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം എന്നിവകൂടി ലഭ്യമാകും.