മലപ്പുറം:ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത  വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി നിലമ്പൂര്‍ നഗരസഭാ പരിധിയിലെ നല്ലംതണ്ണി അങ്കണവാടിയില്‍ പ്രാദേശിക പ്രതിഭാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, മതന്യൂനപക്ഷ, അതിഥി തൊഴിലാളി തുടങ്ങിയ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കികൊണ്ടാണ് സമഗ്രശിക്ഷാ കേരളം നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രദേശിക പ്രതിഭാ കേന്ദ്രം ആരംഭിച്ചത്. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പ്രതിഭാ കേന്ദ്രം  ഉദ്ഘാടനം ചെയ്തു.
പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളില്‍ ഇരിപ്പിടം ഒരുക്കുന്നതിനും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും  സമഗ്ര ശിക്ഷാ കേരളം ധനസഹായം നല്‍കും. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 13 വിദ്യാര്‍ഥികളാണ് പ്രതിഭാകേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. ബി.ആര്‍.സിയിലെ കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ സേവനം കേന്ദ്രത്തില്‍ ലഭ്യമാകും.
ഏനാന്തി ഡിവിഷന്‍ കൗണ്‍സിലര്‍  വി.എ കരിം, നിലമ്പൂര്‍ ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എം.മനോജ് കുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍       സ്‌കറിയ കിനാതോപ്പില്‍, പുള്ളിയില്‍ ഗവ: യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി ജയകുമാര്‍, എജ്യൂക്കേഷണല്‍ വളണ്ടിയര്‍ ഷീബ, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ രമ്യ, ജിഎല്‍പിഎസ് മാങ്കുത്ത് പ്രധാനാധ്യാപിക മോളി എബ്രഹാം, എസ്.എം.സി ചെയര്‍മാന്‍ ഹബീബ് റഹ്‌മാന്‍, ജലജ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.