മലപ്പുറം:ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന മാതൃകവചം പദ്ധതി ആലങ്കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. വാക്‌സിനേഷന്റെ ഉദ്ഘാടനം ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത നിര്‍വഹിച്ചു. കോവിഡ് രോഗ ഭീതി  ഒഴിവാക്കി അമ്മയെ ഗര്‍ഭകാലത്തും പ്രസവ സമയത്തും സുരക്ഷിതയാക്കുന്നതിനും കുഞ്ഞിന്  ഭയാശങ്കകളില്ലാതെ ജന്മം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് മാതൃകവചം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് മേഖലയിലുള്ള തേഡ് ട്രൈമസ്റ്ററിലുള്ള (ഗര്‍ഭകാലം ആറ് മാസം മുതല്‍ ഒമ്പത് മാസം വരെയുള്ള) മുഴുവന്‍ ഗര്‍ഭിണികള്‍ക്കുമാണ് മാതൃകവചം പദ്ധതിയുടെ ആദ്യ ദിനങ്ങളില്‍ കോവിഡ്    വാക്‌സിനേഷന്‍ നല്‍കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ജുല്‍ന, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ പ്രകാശന്‍, ഷഹീര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.