എറണാകുളം : ജില്ലയിൽ 45 വയസിനു മുകളിലുള്ള അർഹരായ എല്ലാ ആളുകളിലേക്കും വാക്‌സിൻ എത്തിച്ചു 13 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. മുൻസിപ്പാലിറ്റികളിൽ പിറവം നേട്ടം കൈ വരിച്ചപ്പോൾ മഞ്ഞപ്ര, കാഞ്ഞൂർ, ചെല്ലാനം, പാമ്പാക്കുട, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, മാറാടി, ആയവനാ, വാളകം, രാമമംഗലം, വടവുകോട്, പഞ്ചായത്തുകളും 45 വയസിനു മുകളിൽ പ്രായമുള്ള അർഹരായ എല്ലാ ആളുകൾക്കും വാക്‌സിൻ എത്തിച്ചു പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.
മൂന്നു മാസത്തിനിടയിൽ കോവിഡ് പോസിറ്റീവ് ആയവർ, വാക്‌സിനേഷൻ സ്വീകരിക്കാൻ സന്നദ്ധർ അല്ലാത്തവർ എന്നിവർ ഒഴികെയുള്ളവർക്കാണ് വാക്‌സിനേഷൻ നടത്തിയിട്ടുള്ളത്.
ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമാണ് എല്ലാ ആളുകൾക്കും വാക്‌സിൻ ലഭ്യമാവാൻ കാരണം. വിവിധ ക്യാമ്പയിനുകൾ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ സഹായകമായിട്ടുണ്ട്.
ഗർഭിണികൾക്കായി മാതൃകവചം, സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കായുള്ള വേവ് ക്യാമ്പയിൻ,എസ്. സി, എസ്. ടി കോളനികൾ, പാലിയേറ്റിവ് രോഗികൾ, എന്നിവർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ സഹായത്തോടെ 45 വയസിനു മുകളിൽ ഉള്ള ആളുകളെ കണ്ടെത്തി വാക്‌സിനേഷൻ നടപടികൾക്കാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.