ആറ്റിങ്ങൽ ബി.റ്റി.എസിൽ നടന്ന ജില്ലാകളക്ടർ ഡോ. കെ. വാസുകിയുടെ പൊതുജന പരാതിപരിഹാര അദാലത്തിൽ 90 പരാതികൾ തീർപ്പാക്കി.  രാവിലെ 10 മണിക്ക് തുടങ്ങിയ അദാലത്ത് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷമാണ് അദാലത്തിൽ പരിഗണിച്ചത്.  കളക്ടർ പരാതിക്കാരുമായി സംസാരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു.  ഭവന പദ്ധതികൾ, വായ്പ ആനുകൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അദാലത്തിൽ പരിഗണിച്ച പരാതികളിൽ അധികവും.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കളക്ടർ പരിശോധിച്ചു.

അദാലത്തിൽ പരിഹരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള റീസർവേ, ദുരിതാശ്വാസനിധി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിച്ച ശേഷം തുടർ നടപടികൾക്കായി ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറ്റിങ്ങൽ സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ് കളക്ടർ സന്ദർശിച്ചു.  തുടർന്ന് വില്ലേജ് ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച് ഉദേ്യാഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ഓഫീസുകളിൽ അനധികൃതമായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ വേണ്ട പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അറിയിച്ചു.

ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, ജില്ലാകളക്ടർ ഡോ. കെ. വാസുകി, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം വി.ആർ. വിനോദ്, വകുപ്പുതല ഉദേ്യാഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.