സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷ പരിപാടികള്‍ക്ക് ആഗസ്ത് 17ന് തുടക്കമാകും. വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് പ്രത്യേകവേദിയില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനാകും.

മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആസൂത്രണബോര്‍ഡ് അംഗങ്ങളും കലാ-സാഹിത്യ- സാംസ്‌കാരിക- മാധ്യമ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. 1996ല്‍ സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ ‘അധികാരം ജനതയ്ക്ക്’ എന്ന സംഗീതശില്‍പ്പം ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി വേദിയില്‍ പുനരാവിഷ്‌കരിക്കും. പ്രാദേശിക തലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും.

സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്ഥാപനവും പ്രത്യേകവേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. ജനകീയാസൂത്രണ കാലം മുതലുള്ള അധ്യക്ഷരെയും ജനപ്രതിനിധികളെയും ഉപഹാരം നല്‍കി ആദരിക്കുന്നതിനൊപ്പം ഓരോ തദ്ദേശ സ്ഥാപനവും പിന്നിട്ട ജനകീയാസൂത്രണ വഴികളെക്കുറിച്ച് വിശദമാക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. രജത ജൂബിലി മിയോവാക്കി വനങ്ങളുടെ നിര്‍മാണവും പരിപാലനവും, ഓണ്‍ലൈന്‍ ദേശീയ സെമിനാര്‍, ജനകീയാസൂത്രണ കോണ്‍ഗ്രസ്, നിയമ സാക്ഷരത ഓണ്‍ലൈന്‍ പരിശീലനം, സ്ത്രീശാക്തീകരണം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.