വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്നു പാലങ്ങള്‍ പുതുക്കിപണിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.

ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തക്കടവ് പാലം എന്നിവ ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാം വിധം പുതുക്കി പണിയുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബേപ്പൂര്‍ നിയോജക മണ്ഡലം എംഎല്‍എ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വള്ളിക്കുന്ന് മണ്ഡലം എം എല്‍ എ. പി അബ്ദുള്‍ഹമീദ് കത്തു നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ചേലേമ്പ്ര, കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ അടുത്ത ആഴ്ച ഓണ്‍ലൈനായി യോഗം ചേരാന്‍ തീരുമാനമായത്. മുക്കത്ത്കടവ് പാലം ഒഴികെ മറ്റു പാലങ്ങളുള്ള റൂട്ടിലൊന്നും നിലവില്‍ ബസ് സര്‍വ്വീസില്ല. പാലങ്ങള്‍ക്ക് വീതി കുറവായതിനാലാണിത്.

ബസ് സര്‍വ്വീസ് ഉള്‍പ്പെടെയുള്ള റൂട്ടാക്കി മാറ്റണമെങ്കില്‍ വീതി കുറഞ്ഞ പാലങ്ങള്‍ പൊളിച്ച് പുതിയത് പണിയണം. ജനവാസ മേഖലയില്‍ നിന്ന് അല്‍പ്പം മാറി പാലങ്ങള്‍ പണിയുകയാണെങ്കില്‍ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാറക്കടവ് പാലം പുതുക്കി പണിതാല്‍ ഇടിമുഴിക്കല്‍, മണ്ണൂര്‍, ചാലിയം, മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ഇതുവഴി ബേപ്പൂര്‍ തുഖമുഖം വഴി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എളുപ്പവഴിയൊരുക്കാനാകും. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.