തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിനായി 30 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ട കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. ചേളാരി മാതാപ്പുഴ റോഡിലെ ചാപ്പപ്പാറയില്‍ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ഇരുനില കെട്ടിടം പണിയുന്നത്. ഡോക്ടര്‍മാരുടെ ക്യാബിന്‍, നിരീക്ഷണ വിഭാഗം വാര്‍ഡ്, ഫാര്‍മസി, ഓഫീസ് ആന്റ് സ്റ്റാഫ് റൂം, ലബോറട്ടറി, 10 കിടക്കകുള്ള കിടത്തി ചികിത്സ സൗകര്യം, മിനി സര്‍ജ്ജിക്കല്‍ സംവിധാനം എന്നിീ സൗകര്യങ്ങളുള്ള കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ഒരുങ്ങുന്നത്. കെട്ടിടത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി പി അബ്ദുള്‍ഹമീദ് എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 രൂപയും അനുവദിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. ദേശീയപാതയോരത്തെ ആശുപത്രിയായതിനാല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുമെന്ന് പി അബ്ദുള്‍ ഹമീദ് എം എല്‍ എ പറഞ്ഞു. ദിനംപ്രതി 400ലധികമാളുകള്‍ ആശ്രയിക്കുന്ന തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന് 2022 ഡിസംബറോടെ സ്ഥിരം കെട്ടിടമൊരുക്കുകയാണ് ലക്ഷ്യം.