കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിന് നവമാധ്യമ കൂട്ടായ്മകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി തീരുമാനിച്ചു. മാപ്പിളപ്പാട്ട്, മാപ്പിള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മകള്‍ക്കാണ് മൂന്ന് വര്‍ഷത്തെ അഫിലിയേഷന്‍. ഡിസംബര്‍ 10 വരെ വാട്സ്ആപ്പ് കൂട്ടായ്മകള്‍ സ്വതന്ത്രമായും വൈദ്യര്‍ അക്കാദമിയുമായും സഹകരിച്ചുനടത്തുന്ന പരിപാടികള്‍ പരിശോധിച്ചാണ് അഫിലിയേഷനുള്ള യോഗ്യത നിശ്ചയിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ വാട്സ്ആപ്പ് കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിലൂടെ മാപ്പിളപ്പാട്ടിന്റെയും മാപ്പിളകലകളുടെയും വിവിധ തലങ്ങളുടെ വ്യാപനവും പരസ്പരം പങ്കുവയ്ക്കലുമാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യര്‍ അക്കാദമി ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ വാട്സ്ആപ്പ് ഗ്രൂപ്പും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴും ഈ കൂട്ടായ്മകളെ പൊതു പ്ലാറ്റ്ഫോമില്‍ അണിനിരത്തി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള അവസരമൊരുക്കലും അതിനുള്ള ശ്രമവുമാണ് വൈദ്യര്‍ അക്കാദമി കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. എഴുപതിലധികം വാട്സ്ആപ്പ് കൂട്ടായ്മകളാണ് അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിസംബറില്‍ നടക്കുന്ന വൈദ്യര്‍ മഹോത്സവത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈദ്യര്‍ അക്കാദമിയുമായി സഹകരിച്ച് മത്സരം, വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ തമ്മില്‍ മത്സരം, വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അക്കാദമിയുമായി സഹകരിച്ച് വെബിനാറുകള്‍, വാട്സ്ആപ്പ് ഗ്രൂപ്പുകളെ മൊത്തത്തില്‍ സംഘടിപ്പിച്ച് ഓരോ ഗ്രൂപ്പിനും വെബിനാര്‍ സംഘടിപ്പിക്കാനുള്ള അവസരം, ഓരോ ഗ്രൂപ്പിന്റെയും പ്രതിവര്‍ഷ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംവിധാനവും അത്തരം ഗ്രൂപ്പുകള്‍ക്ക് അനുമോദനപത്രം നല്‍കലും. മാപ്പിളകലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ അനുസ്മരണ ദിനങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള സംയുക്ത ഇടപെടല്‍ തുടങ്ങി വിവിധ പരിപാടികളാണ് അക്കാദമി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വൈദ്യര്‍ അക്കാദമി വാട്സ്ആപ്പ് കൂട്ടായ്മയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് 9207173451 എന്ന നമ്പറിലേക്ക് സന്ദേശം അയക്കാം.